
സ്വന്തം ലേഖകൻ: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഒക്‌ടോബര്‍ 31 ന് കരാര്‍ അവസാനിക്കാനിരിക്കെയാണ് വീണ്ടും പുതുക്കിയത്. നിശ്ചിത വ്യവസ്ഥകളോടെ ഇക്കഴിഞ്ഞ ജൂലൈ 18 മുതലാണ് ഇന്ത്യയില്‍ നിന്നു ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള കരാര്‍ പ്രാബല്യത്തിലായത്. കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ദോഹയിലേക്ക് മടങ്ങാന്‍ കഴിയാതെ ആശങ്കയിലായ ഖത്തര്‍ പ്രവാസികളുടെ മടക്കയാത്രയും ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയും സുഗമമാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തമ്മിലുള്ള ധാരണ പ്രകാരമാണ് കരാര്‍.
കരാര്‍ നീട്ടിയ നടപടി ഇന്ത്യയില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസകരമാണ്. എയര്‍ ബബിള്‍ പ്രകാരം ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ഇന്ത്യയില്‍ നിന്ന് ഖത്തര്‍ വരെ മാത്രമാണ് യാത്രാനുമതി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് സാധ്യമല്ല.
ഖത്തറില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍, ഖത്തരി പാസ്പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വീസയുള്ള ഖത്തരി പൗരന്മാര്‍ എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി.
ഖത്തരി പൗരന്മാര്‍, ഖത്തര്‍ വീസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് അനുമതിയുള്ളത്. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് മടങ്ങി എത്താന്‍ അനുമതി. മടങ്ങി എത്തുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കുകയും വേണം.
ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കു ഖത്തറിൽ തിരിച്ചെത്താനുള്ള എക്‌സെപ്ഷനൽ എൻട്രി പെർമിറ്റ് 30 ദിവസം കൂടി നീട്ടി. ഖത്തർ ഐഡി ഇല്ലാത്ത 6 മാസം വരെ പ്രായമുള്ള നവജാത ശിശുക്കൾക്ക് എൻട്രി പെർമിറ്റ് വേണ്ട. ഇവർക്ക് ഓൺ അറൈവൽ വീസ ലഭിക്കും.
കൊവിഡ് മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ, ഖത്തർ താമസാനുമതി രേഖയുള്ള പ്രവാസികൾക്ക് തിരിച്ചെത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷനൽ എൻട്രി പെർമിറ്റ് ഓഗസ്റ്റ് 1 മുതലാണു നിർബന്ധമാക്കിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല