
സ്വന്തം ലേഖകൻ: സാധ്യമാകുന്ന ഉടൻ ഇന്ത്യ സന്ദർശിക്കാമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം സ്വീകരിച്ച അദ്ദേഹം മറുപടി നൽകുകയായിരുന്നു. ഖത്തർ സന്ദർശിക്കുന്ന കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് അമീറിന് നരേന്ദ്ര മോദിയുടെ സന്ദേശം കൈമാറിയത്. കോവിഡ് കാലത്ത് ഖത്തറിെല ഇന്ത്യൻ സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തതിന് നരേന്ദ്രമോദി അമീറിന് നന്ദി അറിയിച്ചു. ഈയടുത്ത് നടന്ന മോദിയുമായുള്ള ടെലിഫോൺ ചർച്ച അമീർ അനുസ്മരിച്ചു.
ഇരുകക്ഷിയും ചേർന്ന് നിക്ഷേപ ഊർജമേഖലയിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാമെന്ന തീരുമാനവും അമീർ എടുത്തുപറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മേഖലാതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള വിവിധ സംഭവവികാസങ്ങളിൽ പിതാവ് അമീറിനുള്ള കാഴ്ചപ്പാടിനെ മന്ത്രി ജയ്ശങ്കർ പ്രകീർത്തിച്ചു.
സാമ്പത്തികസുരക്ഷാമേഖലകളിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഖത്തർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.ഇരുരാജ്യത്തിനും പരസ്പര താൽപര്യമുള്ള മേഖല അന്താരാഷ്ട്രതലത്തിലുള്ള വിവിധ പ്രശ്നങ്ങളിലാണ് ഖത്തർ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. ഊർജം, വ്യാപാരം, നിക്ഷേപം, ഭക്ഷ്യ ഉൽപാദന സംസ്കരണം, ആരോഗ്യമേഖല, വിദ്യാഭ്യാസം, സാംസ്കാരികമേഖല, പ്രതിരോധം, സുരക്ഷാ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടന്നു. 2021ൽ ഇന്ത്യയിൽ നടക്കുന്ന ആദ്യസംയുക്ത കമീഷൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ ഖത്തർ പ്രധാനമന്ത്രിയെയും വിദേശകാര്യമന്ത്രിയെയും ജയ്ശങ്കർ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
വിവിധ വാണിജ്യബിസിനസ് മേഖലയിലെ പ്രധാനികളുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ എന്നിവരുമായും ചർച്ച നടത്തി. ആത്മനിർഭർ ഭാരത് പദ്ധതി വഴി പുതിയ അവസരങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. 2022 ഖത്തർ ലോകകപ്പിൻെറ അൽ റയ്യാൻ സ്റ്റേഡിയം മന്ത്രി ജയ്ശങ്കർ സന്ദർശിച്ചു. ഇന്ത്യൻ കമ്പനിയായ ‘എൽ ആൻഡ് ടി’ ഖത്തരി പങ്കാളി കമ്പനിയായ ‘അൽ ബലാഗ് ഗ്രൂപ്പു’മായി സഹകരിച്ച് നിർമിച്ച സ്റ്റേഡിയാണിത്. ഖത്തർ നാഷനൽ മ്യൂസിയവും മന്ത്രി സന്ദർശിച്ചു.രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ മന്ത്രി തിങ്കളാഴ്ച ദോഹയിൽനിന്ന് മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല