1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലും യുകെയിലും നെഞ്ചിടിപ്പേറ്റി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം. നിലവിൽ മഹാരാഷ്ട്രയിലെ രഥനഗിരി, ജൽഗാവ് ജില്ലകളിലും കേരളത്തിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലും മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി എന്നിവിടങ്ങളിലുമാണ് തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ 41 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം , 75,953 ഡെൽറ്റ കേസുകളിൽ 41 എണ്ണം ബി .1.617.2 എന്ന ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തി. പുതിയ വേരിയൻറ് കണ്ടെത്തിയ ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണങ്ങൾ സ്വീകരിക്കാനാണ് ഇന്ത്യൻ സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. കണ്ടെയ്മെൻ്റ് സോൺ, കോൺടാക്റ്റ് ട്രെയ്‌സിംഗ്, ടെസ്റ്റിംഗ് എന്നിവയാണ് സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ.

മുൻ ഗാമികളിൽ നിന്ന് വ്യത്യസ്തമായി ഡെൽറ്റ പ്ലസിന് ആശങ്കാജനകമായ മൂന്ന് സ്വഭാവങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; അതിതീവ്ര വ്യാപന ശേഷി, ശ്വാസകോശ കോശങ്ങളുടെ റിസപ്റ്ററുകളിൽ ശക്തമായ ബൈൻഡിംഗ്, മോണോക്ലോണൽ ആന്റിബോഡി പ്രതികരണം കുറയ്ക്കൽ എന്നിവയാണവ.

അതേസമയം ബ്രിട്ടനിൽ ഫെബ്രുവരി 19 ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 11,625 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. 28 ദിവസത്തിനുള്ളിൽ 27 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 91 മരണങ്ങളുണ്ടായി, ആഴ്ചയിൽ ആഴ്ചയിൽ 44.4 ശതമാനം വർധന.

യുകെ വിദേശ യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.