1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2017

സ്വന്തം ലേഖകന്‍: പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. പോളണ്ടിലെ പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുമ്പോഴാണ് വിദ്യാര്‍ഥി ഒരു സംഘം അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിന് ഇരയായത്. കൂടുതല്‍ പ്രതികാര നടപടികള്‍ ഭയന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി തന്റെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിദ്യാര്‍ഥി ട്രാമില്‍ ആക്രമണത്തിന് ഇരയായതായി അമിത് അഗ്‌നിഹോത്രി എന്നയാളാണ് ട്വീറ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. വിദ്യാര്‍ഥി ആക്രമണം അതിജീവിച്ചതായും ആശുപത്രി ഐസിയുവില്‍ സുഖം പ്രാപിച്ചു വരുന്നതായി അഗ്‌നിഹോത്രി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. അഗ്‌നിഹോത്രിയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുഷമ സ്വരാജ് സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് ബിസാരിയയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.

വിദ്യാര്‍ഥിയുടെ ആക്രമണ വാര്‍ത്ത ബിസാരിയയും ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പോളണ്ടില്‍ ആക്രമണത്തിനിരയയാ വിദ്യാര്‍ഥി മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസില്‍ അടുത്തിടെ നടന്ന വംശീയ ആക്രമണങ്ങള്‍ക്ക് സമാനമായ ആക്രമണമായിരുന്നു വിദ്യാര്‍ഥിക്കു നേരെ നടന്നതെന്ന് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തു.

ട്രാമില്‍ വച്ച് അജ്ഞാതരായ സംഘം വിദ്യാര്‍ഥിക്കു നേരെ ആക്രോശിക്കുകയും പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയുമായിരുന്നു. ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട വിദ്യാര്‍ഥി ആക്രമികള്‍ സ്ഥലം വിട്ടതിനു ശേഷം ഒരു സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയില്‍ അഭയം തേടിയത്. സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കുമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.