1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2017

സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരന് വിമാന കമ്പനി ജീവനക്കാറ്റുടെ ക്രൂര മര്‍ദ്ദനം, സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞ് തലയൂരാന്‍ ഇന്റിഗോ എയര്‍ലൈന്‍സ്. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ രാജീവ് കട്യാല്‍ എന്ന യാത്രക്കാരനാണ് ഇന്റിഗോയുടെ ഗ്രൗണ്ട് സ്റ്റാഫിന്റെ പക്കല്‍നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. യാത്രക്കാരനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ മറ്റുള്ള യാത്രക്കാര്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവക്കുകയും ചെയ്തിരുന്നു.

ഈ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇന്റിഗോ മാപ്പു പറയാന്‍ തയ്യാറായത്. ജീവനക്കാരന്‍ യാത്രക്കാരനോട് മോശമായ ഭാഷയില്‍ പെരുമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ഒക്ടോബര്‍ 15 ന് വിമാനം ലാന്‍ഡ് ചെയ്തിട്ടും യാത്രക്കാര്‍ക്ക് പോകാനുള്ള ബസ്സ് വരാത്തതിനെ രാജീവ് കട്യാല്‍ ചോദ്യം ചെയ്താണ് ഗ്രൗണ്ട് സ്റ്റാഫിനെ പ്രകോപിപ്പിച്ചത്.

രാജീവ് ചോദ്യം ചെയ്തതില്‍ ക്ഷുഭിതരായ ഇന്റിഗോ ജീവനക്കാര്‍ ഇയാളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വിമാന യാത്രക്കിടെ യാത്രക്കാരനുണ്ടായ മോശം അനുഭവത്തിന് വ്യക്തിപരമായും അല്ലാതെയും മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്ന് ഇന്റിഗോ പ്രസിഡന്റായ ആദിത്യ ഘോഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയതായും യാത്രക്കാരനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടതായും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.