1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2015

സ്വന്തം ലേഖകന്‍: ഇറാന്‍ ആണവക്കരാറിലെ ഉപാധികളുമായി സഹകരിച്ചില്ലെങ്കില്‍ ഇറാനെതിരെ വീണ്ടും ഉപരോധമെന്ന് ആണവ ശക്തികള്‍. ആണവക്കരാറുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച ഉപാധികള്‍ക്ക് പൂര്‍ണമായി വഴങ്ങിയില്ലെങ്കില്‍ ഉപരോധം വീണ്ടും ശക്തമാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആറ് രാഷ്ട്രങ്ങള്‍ തയ്യാറെടുക്കുന്നതായാണ് സൂചന.

കരാര്‍ അവസാന ഘട്ട മിനുക്കു പണികളിലാണ്. എന്നാല്‍ അസമയത്തുണ്ടായ അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അന്തിമ കരാര്‍ ജൂണ്‍ 30 നകം ഒപ്പുവെച്ചേക്കില്ലെന്ന അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്. യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇറാനുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ ആണവധാരണ രൂപം കൊണ്ടത്.

ഇറാന്റെ ഭാവി ആണവ പദ്ധതികളെക്കുറിച്ചുള്ള രൂപരേഖ സംബന്ധിച്ചായിരുന്നു ധാരണ. ഇതിനെ ലോകരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്യുകയും ചെയ്തു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജാവേദ് ഷരീഫും യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ജനീവയില്‍ കഴിഞ്ഞദിവസം രണ്ടുവട്ടം ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ അതിനു ശേഷവും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ ഇത് വിഘാതം സൃഷ്ടിക്കുന്നതായും ഇറാനിലെ മുതിര്‍ന്ന ആണവ വിദഗ്ധന്‍ അബ്ബാസ് അഗാച്ചി വെളിപ്പെടുത്തി. വഴികളടഞ്ഞിട്ടില്ലെന്നും അടുത്തവട്ട ചര്‍ച്ചകള്‍ വ്യാഴാഴ്ച വിയന്നയില്‍ ആരംഭിക്കുമെന്നും അഗാച്ചി പറഞ്ഞു.

തങ്ങളുടെ സൈനികകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ആണവ ശാസ്ത്രജ്ഞരെ ചോദ്യം ചെയ്യാനും അന്താരാഷ്ട്ര ആണവ ഏജന്‍സിയെ അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതേത്തുടര്‍ന്നാണ് വന്‍ശക്തികള്‍ വീണ്ടും ഉപരോധം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള വഴികള്‍ അന്വേഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.