1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2015

സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ആക്രമിച്ചു തകര്‍ത്തു. സംഭവത്തില്‍ തടവുകാരും പോലീസുകാരും അടക്കം എഴുപതിലേറെ പേര്‍ മരിച്ചു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് സമീപമുള്ള അല്‍ ഖാലിസ് ജയിലാണ് ആക്രമിക്കപ്പെട്ടത്.

ജയിലില്‍ ശിക്ഷയനുഭവിക്കുന്ന മുപ്പതോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ രക്ഷപ്പെടുത്തുന്നതിനായിരുന്നു ആക്രമണം. ബഗ്ദാദിന് വടക്ക് 80 കിലോമീറ്റര്‍ അകലെയായാണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി തടവുകാര്‍ രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നൂറു കണക്കിന് ഭീകര പ്രവര്‍ത്തകരെ പാര്‍പ്പിച്ചിട്ടുള്ള കുപ്രസിദ്ധമായ ജയിലാണിത്. സ്‌ഫോടക വസ്തുക്കളുമായി ജയിലിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജയിലിലെ ആയുധപ്പുരയും ആക്രമിച്ച ഇവര്‍ തടവുകാരെ തുറന്നു വിടുകയായിരുന്നുവെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തടവറകളില്‍ നിന്നും പുറത്തിറങ്ങിയ തടവുകാരും പൊലീസുകാരെ ആക്രമിച്ച് ആയുധങ്ങളുമായി കടക്കുകയായിരുന്നു.

ജയില്‍ ആക്രമിച്ച ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഐഎസ് അനുകൂലികളെ കടത്തിക്കൊണ്ടു പോയതായി ജയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തിലെ മേയര്‍ ഔദി അല്‍ ഖദ്രാന്‍ സ്ഥിരീകരിച്ചു. കൊടുംകുറ്റവാളികളായ ഭീകരരെ ഇവിടെ പാര്‍പ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജയിലില്‍ നിന്നും രക്ഷപ്പെട്ട തടവുകാര്‍ ഒളിച്ചു താമസിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആരേയും പിടികൂടാനായില്ല എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.