സൗദിയിലെ ഷിയ ഭൂരിപക്ഷ പ്രദേശമായ ഖതീഫില്‍ വെള്ളിയാഴ്ച്ചയുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ പ്രദേശവാസികള്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ അതിവസിക്കുന്ന പ്രദേശത്താണ് ചാവേറാക്രമണം ഉണ്ടായത്. നിരവധി വര്‍ക്ഷോപ്പുകളും മറ്റും പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് സ്‌ഫോടനം നടന്ന ഖുദൈയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടങ്ങളിലെല്ലാം തന്നെ മലയാളികള്‍ ജോലി ചെയ്യുന്നുമുണ്ട്. ഗള്‍ഫിലെ വലിയ മത്സ്യമാര്‍ക്കറ്റുകളിലൊന്നായ ഖതീഫിലും നിരവധി മലയാളികളുണ്ട്. ഇവിടെനിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്.
തൊട്ടടുത്ത അവാമിയയിലെ കടകളിലും മറ്റും നിരവധി മലയാളികള്‍ ജോലി ചെയ്യുന്നു. സ്‌ഫോടന വിവരമറിഞ്ഞയുടന്‍ ഖുദൈയിലും പരിസര പ്രദേശങ്ങളിലുള്ളവരെല്ലാം വെള്ളിയാഴ്ചയായിട്ടും മുറിക്കുള്ളില്‍തന്നെ കഴിഞ്ഞുകൂടിയതായും മാധ്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖതീഫിലും പരിസരത്തുമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഫോണില്‍ വിവരങ്ങള്‍ കൈമാറി. ആര്‍ക്കെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. മലയാളികളില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന വിവരം ലഭിച്ചതോടെയാണ് ഖതീഫിലും പരിസരങ്ങളിലുമുള്ളവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമായത്.
ഖതീഫില്‍ ചാവേറാക്രമണമുണ്ടായെന്ന വാര്‍ത്ത പ്രചരിച്ച സമയത്ത് കേരളത്തില്‍ അത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. അവിടെ താമസിക്കുന്ന ബന്ധുജനങ്ങളെ ഫോണില്‍ കിട്ടിയ ശേഷമാണ് പല വീടുകളിലും മാതാപിതാക്കള്‍ക്ക് ശ്വാസം നേരെ വീണത്. അപകടം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും ഖതീഫിലെ മലയാളികള്‍ക്ക് ചാവേറാക്രമണത്തെ ഞെട്ടലോടെ മാത്രമെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല