1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2017

സ്വന്തം ലേഖകന്‍: ഐ.എസ് ബന്ധമുണ്ടെന്ന് സംശയം, കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുണ്ടേരി കൈപ്പക്കയില്‍ മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരാണ് പിടിയിലായത്. വളപട്ടണം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടു പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂര്‍ സ്വദേശികളായ അഞ്ചു പേര്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ് (25), വളപട്ടണം മൂപ്പന്‍പാറ സ്വദേശി റിഷാല്‍ (30), പാപ്പിനിശ്ശേരി പഴഞ്ചിറപ്പള്ളി ഷമീര്‍ (48), ഷമീറിന്റെ മകന്‍ സഫ്‌വാന്‍ (20), പാപ്പിനിശ്ശേരിയിലെ ഷജില്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവേ, തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു മാസം മുമ്പാണ് ഇവര്‍ തുര്‍ക്കിയില്‍നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഇസ്തംബൂളില്‍ നാല് മാസത്തോളം ചെലവഴിച്ച ശേഷമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ചോദ്യം ചെയ്ത് ഐ.എസ് ബന്ധം സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

നിരോധിത ഭീകര സംഘടനയില്‍ ചേര്‍ന്നു, ഇന്ത്യക്കെതിരെ യുദ്ധം നടത്താനൊരുങ്ങി തുടങ്ങി യു.എ.പി.എ നിയമത്തിലെ 38,39 വകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.