1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2021

സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു.

റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും കോടതി പറഞ്ഞു. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജയിന്‍ സമിതിയുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം ജയിന്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നമ്പി നാരായണനും കൈമാറില്ല.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിച്ചത്. മുദ്രവച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് നമ്പി നാരായണന്‍. കോടതിയുത്തരവ് വന്നതിന് തൊട്ടുപിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച കേസിന്റെ പിന്നിലുള്ളത് പുറത്തുവരട്ടെയെന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നും നമ്പി നാരായണന്‍ പറ‍ഞ്ഞു.

ഈ നടപടി മുമ്പേ ആകാമായിരുന്നുവെന്നു. ഈ സംഭവം മൂലം ക്രയോജനിക്ക് സാങ്കേതിക വിദ്യയുമായി മുന്നോട്ട് പോകുന്നതില്‍ കാലതാമസം ഉണ്ടായി. 1999 വരേണ്ടത് 15 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 2014 ല്‍ ആണ് വന്നത്. അന്വേഷണത്തിന്റെ ഘട്ടത്തില്‍ ഐബി ഉദ്യോഗസ്ഥരുടെ പങ്കുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും മൊഴിയായി നല്‍കിയിരുന്നുവെന്നും നമ്പി നാരായണന്‍ പറ‍ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.