1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2020

സ്വന്തം ലേഖകൻ: ജമ്മുകശ്മീരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി. രാഷ്ട്രപതിയില്‍ നിന്ന് ധീരതയ്ക്കുള്ള പുരസ്ക്കാരം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ സിങ്ങാണ് കസ്റ്റഡിയിലായത്. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിനെ കുടുക്കിയത് ദേവേന്ദര്‍ സിങ്ങാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ദേവേന്ദര്‍ സിങ്ങിനെ ചോദ്യം ചെയ്തുവരികയാണെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.

ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ സിങ്ങിനെ ശ്രീനഗര്‍– ജമ്മു ദേശീയപാതയില്‍ രണ്ട് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് മിര്‍ ബസാറില്‍വെച്ച് പിടികൂടിയത്. ഭീകരരെ ഡല്‍ഹിയിലേയ്ക്ക് കടത്തുകയായിരുന്നുവെന്നാണ് സൂചന. ഹിസ്ബുല്‍ കമാന്‍ഡര്‍ നവീദ് ബാബു മറ്റൊരു ഭീകരന്‍ ആസിഫ് റാത്തേര്‍ എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം ട്രക്ക് ഡ്രൈവര്‍മാരുള്‍പ്പെടെ 11പേരെ കൊലപ്പെടുത്തിയ േകസില്‍ പ്രതിയാണ് നവീദ് ബാബു. കാറില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍ കണ്ടെത്തി. ദേവീന്ദര്‍ സിങ്ങിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പിസ്റ്റളുകളും എകെ 47 തോക്കും ലഭിച്ചു.

പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിനെ കുടുക്കിയത് ദേവേന്ദര്‍ സിങ്ങാണെന്ന് ആരോപണമുണ്ട്. വിമാനറാഞ്ചല്‍ തടയാനുള്ള സുരക്ഷസംഘത്തില്‍ അംഗമാണ് ദേവേന്ദര്‍. ഈ മാസം 9ന് വിദേശ നയതന്ത്രപ്രതിനിധികള്‍ കശ്മീരിലെത്തിയപ്പോള്‍ സ്വീകരിച്ചവരില്‍ ദേവേന്ദര്‍ സിങ്ങുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയുടെ മെഡല്‍ നേടി.

ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കുള്ള ജമ്മുകശ്മീര്‍ പൊലീസിന്‍റെ പ്രത്യേക സംഘത്തില്‍ നേരത്തെ അംഗമായിരുന്നു. പണം തട്ടിയ കേസില്‍ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. നാല് ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.