1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2021

സ്വന്തം ലേഖകൻ: ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേ യു.കെ., ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദം.

വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ നാല്‍പതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാര്‍ക്കും പുതിയ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.

ലോകാരോഗ്യ സംഘടനയും മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുളള പഠനം നടത്തി വരികയാണ് ജപ്പാന്‍. നിലവില്‍ കണ്ടുപിടിച്ച വാക്‌സിനുകള്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമാണോ എന്ന് വ്യക്തമല്ല.

പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച നാല്‍പതുകാരന് വിമാനത്താവളത്തില്‍ എത്തിച്ചേരും വരെ കൊവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദനയും കൗമാരക്കാരില്‍ ഒരാള്‍ക്ക് പനിയും ഉണ്ടായിരുന്നു.

നേരത്തേ ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക വകഭേദത്തിലുളള മുപ്പത് കൊവിഡ് കേസുകള്‍ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ വകഭേദം വളരെ വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ വിദഗ്ധര്‍ ആശങ്കയിലാണ്. ടോക്കിയോ പ്രദേശത്ത് വെള്ളിയാഴ്ച മുതല്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രി എട്ടുമണിയോടെ ബാറുകളും റെസ്‌റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ രാത്രികാലങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണെന്നും അതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ജപ്പാനില്‍ ഇതുവരെ 2,80,000 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 4000 പേര്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.