1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2016

സ്വന്തം ലേഖകന്‍: ജയലളിതക്ക് ഹൃദയാഘാതം, വീണ്ടും ഐസിയുവില്‍, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്. തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയെ വീണ്ടും ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡില്‍ കഴിയുകയായിരുന്ന അവര്‍ക്ക് ഞായറാഴ്ച ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനത്തെുടര്‍ന്നാണ് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്.

ഹൃദ്രോഗ ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം ജയലളിതയെ പരിശോധിക്കുകയാണെന്നും അപകടനില തരണംചെയ്തുവെന്നും വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജയലളിത അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജയലളിതക്ക് ഹൃദയാഘാതമുണ്ടായ വാര്‍ത്ത പരന്നതോടെ തമിഴകം ആശങ്കയുടെ മുള്‍മുനയില്‍. നൂറുകണക്കിന് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. സംസ്ഥാനത്തിന്റെ റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് ഏഴരയോടെ അപ്പോളോ ആശുപത്രിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയതോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സംസ്ഥാന മന്ത്രിമാരും പ്രമുഖ നേതാക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അണ്ണാ ഡി.എം.കെയുടെ വനിത പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ നെഞ്ചത്തടിച്ച് കരയുന്നതും കാണാമായിരുന്നു.

സെപ്റ്റംബര്‍ 22നാണ് പനിയും നിര്‍ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനമൊട്ടുക്കും പൊലീസിന് ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈ അപ്പോളോ ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും അണ്ണാ ഡി.എം.കെ നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണ്. രണ്ടര മാസക്കാലമായി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടുക്കും ആരാധാനാലയങ്ങളിലും മറ്റും പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും സംഘടിപ്പിച്ചുവരികയായിരുന്നു. ഒരു ഘട്ടത്തില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അപ്പോളോ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.