1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2017

 

സ്വന്തം ലേഖകന്‍: ജയലളിതയെ അതീവ രഹസ്യമായി ലണ്ടനിലേക്ക് കൊണ്ടുപോയി, മരണം സംഭവിച്ചത് ലണ്ടനില്‍വച്ച്, അപ്പോളോയിലേക്ക് തിരിച്ചെത്തിച്ചത് മൃതദേഹം, ഞെട്ടിക്കുന്ന വിവരങ്ങളുമായി പത്രവാര്‍ത്തയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നും പറയുന്ന ലണ്ടനില്‍ നിന്നുള്ള ‘റേഡിയന്റ്’ എന്ന പത്രത്തില്‍ വന്ന വാര്‍ത്ത എന്ന പേരിലാണ് ചിത്രം നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 22 ന് പനിയും നിര്‍ജ്ജലീകരണവും മൂലം അപ്പോളോയില്‍ പ്രവേശിക്കപ്പെട്ട ജയലളിതയ്ക്ക് അവിടുത്തെ ചികിത്സ ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ എത്തിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ജയലളിതയുടെ മരണം സംബന്ധിച്ച് ഡോ.രാമസീതയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് പത്രവാര്‍ത്ത. ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ അപ്പോളോയില്‍ എത്തുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് അതീവ രഹസ്യമായാണ് ജയയെ അവിടെ നിന്നും ലണ്ടനില്‍ എത്തിച്ചത്. എന്നാല്‍, ജയലളിത അപ്പോളോയില്‍ ലണ്ടനിലെ ഡോക്ടറുടെ പരിചരണത്തിലാണ് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. അപ്പോളോയില്‍ എത്തിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ജയലളിതയെ കാണാന്‍ അനുമതി നല്‍കാതിരുന്നത് അന്നുതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ജയയെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയ വാര്‍ത്ത പുറത്താകാതിരിക്കാനാണ് ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള ജയയുടെ വിശ്വസ്തര്‍ക്കും പ്രമുഖര്‍ക്കും ആശുപത്രി അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിതയുടെ വിരലടയാളങ്ങള്‍ എടുക്കപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളപ്പേപ്പറില്‍ പതിപ്പിച്ച ഈ വിരലടയാളങ്ങളാണത്രേ പിന്നീട് ഉപതിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരിക്കലും വിരലടയാളം ഉപയോഗിക്കാത്ത ജയലളിത എന്തുകൊണ്ടാണ് എഴുതി ഒപ്പിടാതിരുന്നത് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡിസംബര്‍ നാലാം തീയതി അപ്പോളോ ആശുപത്രിയിലേക്ക് ജയലളിതയുടെ മൃതദേഹം കൊണ്ടുവന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന പത്രകട്ടിങിലുള്ളത്. ഏതാണ്ട് ഇതേ തരത്തിലാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാമസീതയും വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ രാമസീത പറഞ്ഞത്. ജയലളിതയെ താനും പരിശോധിച്ചിരുന്നു എന്ന് ഈ ഡോക്ടറും പറഞ്ഞിരുന്നു.

അഞ്ചാം തീയതി വൈകുന്നേരം അഞ്ചരയോടെയാണ് ജയലളിത മരിച്ചു എന്ന വാര്‍ത്ത ജയ ടിവിയുള്‍പ്പെടെ തമിഴ് ചാനലുകള്‍ പുറത്തുവിടുന്നത്. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ചാനലുകള്‍ ജയലളിതയുടെ മരണവാര്‍ത്ത പിന്‍വലിച്ചു. ജയലളിത മരിച്ചിട്ടില്ല എന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പിന്നീട്, രാത്രി 11.30 തോടെയാണ് ജയലളിത മരിച്ചതായുള്ള ഔദ്യോഗിക സ്ഥിരീകരണം ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതും സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും മരണശേഷം ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകളും ഉള്‍പ്പെടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന പത്ര വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞാലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ജയലളിത വിടവാങ്ങിയത്. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളാകട്ടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാന്‍ ത്രാണിയുള്ളവയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.