1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: ഹോങ്കോങിലേക്ക് 3.25 കോടി വരുന്ന യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് എയര്‍ ഹോസ്റ്റസ് പിടിയില്‍. 3.25 കോടി മൂല്യം വരുന്ന യു.എസ് ഡോളര്‍ ദേവശി കുല്‍ശ്രശ്ത എന്ന ജീവനക്കാരിയില്‍ നിന്നാണ് പിടിച്ചെടുത്തത്. മുമ്പ് എട്ട് തവണ ഇവര്‍ ഹോങ്കോങിലേക്ക് പണം കടത്തിയിട്ടുണ്ട്. എയര്‍ ഹോസ്റ്റസിനൊപ്പം ഒരു ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്.

തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് പറന്നുയരുന്നതിന് തൊട്ടു മുമ്പ് ജെറ്റ് എയര്‍ വെയ്‌സ് വിമാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷൂസുകള്‍ക്കും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കും ഇടയിലായി ദേവശി കുല്‍ശ്രശ്തയുടെ സ്യൂട്ട്‌കെയ്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. ഉടന്‍ എയര്‍ ഹോസ്റ്റസിനെ വിമാനത്തില്‍ നിന്നിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇവര്‍ നിരവധി തവണകളായി പത്ത് ലക്ഷം ഡോളറിലധികം ഹോങ്കോങിലേക്ക് കടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഓരോ തവണയും ഒരു ലക്ഷം രൂപയാണ് ഇതിന് ഇവര്‍ കമ്മീഷന്‍ കൈപ്പറ്റിയിരുന്നത്.

അമിത് മല്‍ഹോത്ര എന്ന ഇടനിലക്കാരനാണ് അറസ്റ്റിലായ ഒരാള്‍. ഹോങ്കോങിലേക്കെത്തിക്കുന്ന ഡോളറുകള്‍ക്ക് പകരമായി സ്വര്‍ണ്ണം ഇന്ത്യയിലേക്കെത്തിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. മല്‍ഹോത്രയുടെ സുഹൃത്താണ് പിടിയിലായ എയര്‍ ഹോസ്റ്റസ്. ഡല്‍ഹിയിലെ ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് ലക്ഷം രൂപയും 1600 ഡോളറും കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.