
സ്വന്തം ലേഖകൻ: യുഎസിലെ 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി നൽകി. വെസ്റ്റ് വെർജീനിയയിലെ വോട്ടെണ്ണലാണ് ഒടുവിൽ പൂർത്തിയാക്കിയത്. ജോ ബൈഡന് 306, ഡോണൾഡ് ട്രംപിന് 232 എന്നിങ്ങനെ ഇലക്ടറൽ വോട്ട് നിലയിൽ മാറ്റമില്ല.
അടുത്ത നിർണായക നടപടിയായ ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്തൽ 14ന് നടക്കും. ജനുവരി ആറിന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാകും വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപനവും. ജനുവരി 20ന് ആണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികൾ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഇതിനകം ആരംഭിച്ചിരുന്നു.
ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വീസ്കോൻസെൻ എന്നിവിടങ്ങളിലെ 62 ഇലക്ടറൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസ് അറ്റോണി ജനറൽ കെൻ പാക്സ്റ്റൻ സുപ്രീം കോടതിയിൽ നൽകിയ കേസിലാണ് ഒടുവിലായി ട്രംപ് കക്ഷി ചേർന്നത്.
യുഎസിൽ പുതിയ റെക്കോർഡിലേക്ക്. ഇന്നലെ ഒറ്റദിവസം മാത്രം 3,053 പേരാണ് കൊവിഡിനെ തുടര്‍ന്നു മരിച്ചത്. കൊറോണ വൈറസ് വ്യാപിച്ചതിനു ശേഷം രാജ്യത്ത് ഉണ്ടായ മരണങ്ങള് ഇതോടെ 289,529 ആയി. ഈ നിരക്കില്‍ മരണസംഖ്യ തുടര്‍ന്നാല്‍ ഈ വാരാന്ത്യത്തില്‍ തന്നെ മൂന്നു ലക്ഷം പേരിലേക്ക് മരണസംഖ്യ എത്തുമെന്നു ഫെഡറല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു.
കൊവിഡ് അനുബന്ധ രോഗങ്ങള്‍ക്ക് തക്കതായ മരുന്നുകളില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പലേടത്തും ഐസിയുവിന്റെയും അവശ്യമരുന്നുകളുടെയും ക്ഷാമമുണ്ട്. ജീവനക്കാരില്ലെന്നതും വലിയ വെല്ലുവിളിയായി പല സംസ്ഥാനങ്ങളും ഉയര്‍ത്തിക്കാണിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും കൊവിഡ് പ്രതിസന്ധിയിലായതിനാല്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ജീവനക്കാരെ വിട്ടു നല്കാന് കഴിയുന്നില്ലെന്നതും വലിയ പ്രശ്നമാണ്.
രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മരണസംഖ്യ ഉടനടി കുറയുമെന്നു കരുതാനാവില്ല, ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള ആശുപത്രികള്‍ ശേഷിക്ക് മുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യമനുഷ്യ സേവന വകുപ്പ് ഈ ആഴ്ച പുറത്തുവിട്ട പുതിയ ഡാറ്റ പ്രതിസന്ധിയുടെ വിശദമായ ഭൂമിശാസ്ത്രപരമായ ചിത്രം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല