
സ്വന്തം ലേഖകൻ: രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയുയർത്തിയെന്നാരോപിച്ച് ജോർദാനിൽ മുൻ കിരീടാവകാശിയുൾപ്പെടെ നേതാക്കളെ തടവിലാക്കി. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പരസ്യമായി പറഞ്ഞായിരുന്നു വിമതനീക്കം.
അന്തരിച്ച ഹുസൈൻ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്നി നൂർ രാജ്ഞിയുടെയും മൂത്ത മകൻ ഹംസ ബിൻ ഹുസൈൻ രാജകുമാരനെയാണ് ഇതേത്തുടർന്ന് തടവിലാക്കിയത്. അമ്മാൻ കൊട്ടാരത്തിൽ നിന്നു പുറത്തിറങ്ങാനുള്ള അനുവാദവും ഇദ്ദേഹത്തിനു നിഷേധിച്ചു. അതേസമയം കൂടുതൽ അറസ്റ്റുകൾക്കു സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.
ഹംസയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി യാത്രകളും മറ്റും നിർത്തിവയ്ക്കാൻ നിർദേശം നൽകുകയാണു ചെയ്തിട്ടുള്ളതെന്നും ജോർദാനിയൻ ആംഡ് ഫോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.ഭരണത്തിനു നേതൃത്വം നൽകുന്ന അർധ സഹോദരൻ അബ്ദുള്ള രാജാവ് രണ്ടാമനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് ഹംസയ്ക്കെതിരായ കുറ്റപത്രം.
ഇരുപതോളം പേരെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസിനൊപ്പം നിൽക്കുന്ന ജോർദാനെ അസ്ഥിരപ്പെടുത്താൻ വിദേശ സഹായം ലഭിച്ചെന്നും സർക്കാർ പറയുന്നു. യുഎസിനൊപ്പം നിലകൊള്ളുന്ന രാജ്യത്തെ സംഭവ വികാസങ്ങൾ യുഎസിലെ ജോ ബൈഡൻ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അതേസമയം തെറ്റുചെയ്തിട്ടില്ലെന്നും അഴിമതിക്കെതിരേ സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ഹംസ പറയുന്നു. ശനിയാഴ്ച പുറത്തുവന്ന വിഡിയോയിലാണ് തടവിലാക്കപ്പെട്ട കാര്യം വെളിപ്പെടുത്തിയത്. വീട്ടുതടങ്കലിലായ വിവരം അധികൃതർ ആദ്യം നിഷേധിച്ചിരുന്നെങ്കിലും സുരക്ഷകാരണത്താൽ രണ്ട് ഉന്നത അധികാരികളെ തടവിലാക്കിയതായി ജോർഡൻ ന്യൂസ് ഏജൻസി പിന്നീട് റിപ്പോർട്ട് ചെയ്തു.
അട്ടിമറിശ്രമം തകര്‍ത്ത ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് ബിന്‍ അല്‍ ഹുസൈന് പിന്തുണ വാഗ്ദാനംചെയ്ത് സൗദി, ഖത്തര്‍, യു.എ.ഇ., കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ജി.സി.സി.യും അറബ് ലീഗും രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല