1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2020

സ്വന്തം ലേഖകൻ: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്. അന്വേഷണം ആവശ്യപ്പെട്ട് മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി. ജോയ് അറയ്ക്കലിന്റെ കമ്പനിയിലെ ഒരു വ്യക്തിക്കെതിരെ സംശയം പ്രകടിപ്പിച്ചാണ് പരാതി. കമ്പനി നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി വൈകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജോയ് അറയ്ക്കലിന്റെ മരണത്തിലെത്തിയത് എന്നാണ് സംശയം.

ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് ദുബായ് പോലീസ്. യന്ത്ര സാമഗ്രികളെല്ലാം എത്തിയിട്ടും പദ്ധതിയുടെ ഉദ്ഘാടനം വൈകിയത് ജോയിയെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുബായ് പോലീസ് കൂടുതല്‍ വിശദമായി അന്വേഷിക്കാനാണ് സാധ്യത.

ജോയ് അറയ്ക്കല്‍ എംഡിയായ കമ്പനിയിലെ പ്രൊജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് മകന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോയ് അറയ്ക്കലിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ഇന്നോവ ഗ്രൂപ്പ്. ഈ കമ്പനി നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടറായി കമ്പനിക്ക് പുറത്തുള്ള ഒരാളെ നിയമിച്ചിരുന്നു.

ഹമ്രിയ ഫ്രീ സോണില്‍ ജോയ് വിഭാവനം ചെയ്ത പദ്ധതിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കം നിലനിന്നിരുന്നു. പെട്രോളിയം സംസ്‌കരിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ശുദ്ധജലവും ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണിത്. ഇതിനു സാങ്കേതിക ഉപദേശങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ് കമ്പനിക്ക് പുറത്തുനിന്ന് പ്രൊജക്ട് ഡയറക്ടറെ നിയമിച്ചത്.

450 കോടിയിലധികം രൂപ ചെലവ് വരുന്ന പദ്ധതി വൈകാന്‍ കാരണം ജോയ് ആണെന്ന് പ്രൊജക്ട് ഡയറക്ടര്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്് തര്‍ക്കമുണ്ടായിരുന്നുവത്രെ. ഇതാണ് പിതാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് മകന്‍ ബര്‍ദുബായ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കുറഞ്ഞ സ്ഥലത്ത്, ചുരുങ്ങിയ ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കുന്ന വിധമാണ് ജോയിയുടെ കമ്പനി ഒരുക്കങ്ങള്‍ നടത്തിയത്. മറ്റു പല വന്‍കിട കമ്പനികളുടെ പ്രൊജക്ടില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. ഇക്കാര്യം തന്നെയാണ് ജോയിയുടെ പദ്ധതിയെ ആകര്‍ഷണീയമാക്കിയത്. ആറ് വര്‍ഷം മുമ്പാണ് പദ്ധതിക്ക് തുടമക്കിട്ടത്.

എന്നാല്‍ പദ്ധതി പൂര്‍ത്തീകരണം ആസൂത്രണം ചെയ്ത പോലെ നടന്നില്ല. വൈകുന്നതില്‍ ജോയിക്ക് ആശങ്കയുണ്ടായിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി. പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങള്‍ ചൈന, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചിരുന്നു. പക്ഷേ ആദ്യഘട്ട ഉദ്ഘാടനം നേരത്തെ കരുതിയ പോലെ മാര്‍ച്ചില്‍ നടന്നില്ല.

കഴിഞ്ഞ മാസം 23നാണ് ജോയ് ദുബായില്‍ മരിച്ചത്. ആത്മഹത്യയാണെന്ന് ദുബായ് പോലീസ് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രത്യേക വിമാനത്തില്‍ മൃതദേഹം കരിപ്പൂരില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് കഴിഞ്ഞാഴ്ച ദുബായ് പോലീസ് വ്യക്തമാക്കിയിരുന്നു. ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്. സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നാണ് ജോയ് വീണത്. സാമ്പത്തിക പ്രശ്‌നങ്ങളാകാം കാരണമെന്നും പോലീസ് അറിയിച്ചു.

മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേസിയാണ് ജോയ് അറയ്ക്കല്‍. മൂന്ന് മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. കുടുംബ സമേതം ദുബായിലാണ്. മാനന്തവാടി ടൗണില്‍ ജോയ് നിര്‍മിച്ച വീട് കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണെന്ന വിശേഷണം ലഭിച്ചിരുന്നു. ഒട്ടേറെ കമ്പനികളുടെ എംഡിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.