പ്രവാസികളെ ദുരിതത്തിലാക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചു. റണ്‍വെയിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് താല്‍ക്കാലികമായി റണ്‍വെ അടച്ചിടുന്നത്. ചെറുവിമാനങ്ങളുടെ വരവിനും പോക്കിനും ഇത് തടസ്സമാകില്ല. എയര്‍ ഇന്ത്യയുടെ കോഴിക്കോട് ജിദ്ദ, കോഴിക്കോട് റിയാദ്, സൗദി എയര്‍ ലൈന്‍സിന്റെ കോഴിക്കോട് റിയാദ് ജിദ്ദ, എമിറേറ്റ്സിന്റെ കോഴിക്കോട് ദുബൈ സെക്ടറുകളിലേക്കുള്ള സര്‍വ്വീസുകളാണ് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നത്. റണ്‍വെ നവീകരണം പൂര്‍ത്തിയായാലും ഈ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമോ എന്ന കാര്യവും അവ്യക്തമാണ്.
സൗദി അറേബ്യയിലുള്ള പ്രവാസികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. അരലക്ഷത്തിലധികം യാത്രക്കാരാണ് പ്രതിമാസം ഈ വിമാനങ്ങളില്‍ കരിപ്പൂരില്‍ നിന്നും യാത്ര ചെയ്യുന്നതെന്നാണ് കണക്ക്. ആഴ്ച്ചയില്‍ ഇവ 52 സര്‍വീസുകള്‍ നടത്തുന്നുണ്ടായിരുന്നു. ഇത്രയും കാലം കരിപ്പൂരിനെ ആശ്രയിച്ചിരുന്നവര്‍ ഇനി നെടുംബാശ്ശേരിയെ ആശ്രയിക്കേണ്ടി വരും. സൗദിയിലേക്ക് കരിപ്പൂരില്‍ നിന്നും ഇനി എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ 190 സീറ്റുള്ള ദമ്മാം വിമാനം മാത്രമാണുള്ളത്. എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും സര്‍വ്വീസുകള്‍ ഇതിനകം തന്നെ കൊച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ ചെറിയ വിമാനങ്ങള്‍ക്ക് വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളതെന്നും വലിയ വിമാനങ്ങള്‍ ഇതുവരെ പ്രത്യേക അനുമതിയോട് കൂടിയാണ് സര്‍വ്വീസ് നടത്തിയതെന്നുമാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി പറയുന്നത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷം ഇത് തുറന്നു കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ആദ്യം ആറ് മാസത്തേക്കാണ് റണ്‍വെ അടയ്ക്കുന്നത് എ്നാണ് പറഞ്ഞിരുന്നത. എന്നാല്‍ ഇന്ന് പ്രഖ്യാപനം വന്നപ്പോള്‍ അത് രണ്ട് വര്‍ഷമായി ഉയര്‍ന്നു. സെപ്തംബര്‍ മാസത്തോടെ നവീകരണം തുടങ്ങും. ഓണം സീസണാണിത്. പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന സമയം. ഈ സമയം ഒഴിവാക്കി മറ്റൊരു സമയത്തേക്ക് മാറ്റണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ വിസ്സമ്മതിക്കുകയായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല