1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളം വീണ്ടും തുറന്നിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് 15 പേര്‍ക്കെതിരെ കേസെടുത്തു.

വെടിവപ്പില്‍ കൊല്ലപ്പെട്ട ജയ്പാല്‍ യാദവിന്റെ മൃതദേഹം കോഴിക്കോട് മെ!ഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യോമഗതാഗതം പുനസ്ഥാപിച്ചതോടെ ദമാമില്‍ നിന്നുവരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ ഇറങ്ങി. നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ട ഷാര്‍ജ വിമാനവും കരിപ്പൂരിലെത്തി.

സിഗ്‌നല്‍ സംവിധാനം പുനസ്ഥാപിക്കാനുള്ള അറ്റകുറ്റപ്പണികള്‍ തുടരുകയാണ്. സിഗ്‌നല്‍ സംവിധാനം പുനസ്ഥാപിച്ചാല്‍ മാത്രമേ പൂര്‍ണ തോതില്‍ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ കഴിയൂ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ജവാന്‍ മരിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെയായൊരുന്നു സംഭവം. എയര്‍ ട്രാഫിക് കണ്‍ട്രോളിന് സമീപം എയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ദേഹ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ജെയ്പാല്‍ യാദവ് അബദ്ധത്തില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ സണ്ണി തോമസ്, അജി കുമാര്‍, സിഐഎസ്എഫ് എസ് ഐ സിതാറാം എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിനകത്ത് ഏറെ നേരം സിഐഎസ്എഫ് ഉദ്യോഗസ്ഥും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

ഇതിനിടെ കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. എഡിജിപി എന്‍ ശങ്കര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിനു ശേഷമാണ് വിമാന ഗതാഗതം പുനസ്ഥാപിക്കാന്‍ ധാരണയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.