1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015

സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ബജറ്റ് അവതരണത്തോട് അനുബന്ധിച്ച് നിയമസഭയില്‍ നടന്ന നാണംകെട്ട പ്രകടനങ്ങള്‍ അറബ് ലോകത്തെ പത്രങ്ങളിലും വാര്‍ത്തയായി. കുവൈത്തിലെ അറബിക് പത്രമായ ‘അല്‍ അന്‍ബ, യുഎഇയിലെ ഇംഗ്ലിഷ് പത്രമായ ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് എന്നീ മധ്യ പൂര്‍വ ദേശത്തെ പ്രമുഖ മാധ്യങ്ങളെല്ലാം വന്‍ പ്രാധാന്യത്തോടെയാണ് കേരള സാമാജികരുടെ തല്ലിലടി റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്, മറാഠി പ്രാദേശിക പത്രങ്ങളിലും വാര്‍ത്ത വന്‍ പ്രാധാന്യം നേടി. ചില തമിഴ് സായാഹ്‌ന പത്രങ്ങളില്‍ ഇത് ഒന്നാം പേജിലെ മുഖ്യ വാര്‍ത്തതന്നെയായി.

അതിനിടെ വാര്‍ത്ത പ്രസിദ്ധീകരിച്ച അറബ് പത്രത്തിന്റെ കട്ടിങ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ‘അറബികള്‍വരെ അറിഞ്ഞു, ഇനി അര്‍ബാബിനെ (സ്‌പോണ്‍സര്‍) എങ്ങനെ ഫെയ്‌സ് ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് കട്ടിങ്ങ് പ്രചരിച്ചത്.

അതേസമയം ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ അഴിഞ്ഞാടിയ എംഎല്‍എമാര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നു ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശിച്ചു. നിയമസഭയിലുണ്ടായ സംഭവങ്ങളില്‍ അതീവ ഉത്കണ്ഠ വ്യക്തമാക്കിയ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഇന്നലെത്തന്നെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് അയച്ചിട്ടുണ്ട്.

ബജറ്റ് അവതരിപ്പിച്ചു എന്ന സ്പീക്കര്‍ എന്‍. ശക്തന്റെ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചു. എന്നാല്‍ തികച്ചും നിര്‍ഭാഗ്യകരവും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതുമായ സംഭവങ്ങള്‍ക്കാണു സഭ വേദിയായതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങള്‍ സഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. അതു സംബന്ധിച്ച നിര്‍ദേശങ്ങളും ആശയങ്ങളും കൈമാറണം. ധനവിനിയോഗ ബില്‍, ഉപധനാഭ്യര്‍ഥന, വോട്ട് ഓണ്‍ അക്കൗണ്ട് എന്നിവ ഈ 31 നകം പാസാക്കിയില്ലെങ്കില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധില്‍ ആകുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.