1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാടും ബംഗാളുമാണ് പുതുതായി നയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. നേരത്തേ കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്രം ഡല്‍ഹി സര്‍ക്കാരുകളും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതേണ്ടിവരും.

കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് ബംഗാള്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു 12 തൊട്ട് ഉത്തരവ് പ്രാബല്യത്തില്‍ വരും. 72 മണിക്കൂര്‍ മുമ്പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ വിമാനത്തില്‍ ബംഗാളില്‍ ഇറങ്ങാന്‍ കഴിയൂ.

തമിഴ്‌നാടും കഴിഞ്ഞ ദിവസം സമാനമായ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചു. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കർണാടകത്തിലേക്ക് കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശിക്കാൻ ഇപ്പോഴും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടും വിട്ടുവീഴ്ചയ്ക്ക് കർണാടകം തയ്യാറായിട്ടില്ല. കേരളാ അതിർത്തിയിലെ എല്ലാ ചെക്‌പോസ്റ്റുകളിലും ബുധനാഴ്ചയും കോവിഡില്ലാ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാണ് യാത്രക്കാരെ കടത്തിവിട്ടത്.

ബുധനാഴ്ച കണ്ണൂർ-കുടക് അതിർത്തിയായ മാക്കുട്ട ചെക്‌പോസ്റ്റിൽ യാത്രക്കാരോട് ആദ്യം ആന്റിജൻ സർട്ടിഫിക്കറ്റ് മതിയെന്നും എന്നാൽ, ഇതുമായി എത്തിയപ്പോൾ ആർ.ടി.പി.സി.ആർ. തന്നെ വേണമെന്ന് പറഞ്ഞതായും മംഗളം റിപ്പോർട്ട് ചെയ്യുന്നു. കാസർകോട് ജില്ലയിൽ നിന്ന് തലപ്പാടി, നെട്ടണിഗെ, മുഡ്‌നൂരു, മോണാല, സാറഡ്ക്ക, ജാൽസുർ എന്നീ റോഡുകളിലൂടെ മാത്രമാണ് ഇപ്പോൾ ദക്ഷിണ കന്നഡയിലേക്ക് പ്രവേശനം. മറ്റു റോഡുകൾ അടച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്ന് എല്ലാ റോഡുകളിലൂടെയും കർണാടകത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.