
സ്വന്തം ലേഖകൻ: “കേരള ഈസ് ഓസം,” പറയുന്നത് അമേരിക്കൻ യൂട്യൂബറും സഞ്ചാരിയുമായ നിക്കൊളായ് ടി. ജൂനിയറാണ്. മാസങ്ങൾക്കു മുന്നെ കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരേ പൊട്ടിത്തെറിച്ച അതേ നിക്കൊളായ്, തന്റെ പുതിയ വീഡിയോയിൽ കേരളസർക്കാരിന്റെ കൊറോണപ്രതിരോധപ്രവർത്തനങ്ങളെ പ്രശംസിക്കുകയാണ്.
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകർത്തി യൂട്യൂബിൽ അപ്‌ലോഡ് ചെയ്താണ് നിക്കൊളായ് എന്ന നിക്കൊ തന്റെ പ്രശംസയറിയിച്ചത്.
കോഴിക്കോട് കടപ്പുറം, മാവൂർ റോഡ്, ജയിൽ റോഡ് തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലൂടെയാണ് നിക്കൊ സഞ്ചരിച്ചത്. പൊതുവേ തിരക്കുനിറഞ്ഞ പ്രദേശങ്ങൾ കൊറോണഭീതിയെത്തുടർന്ന് ഒഴിഞ്ഞിരിക്കുന്ന കാഴ്ച വീഡിയോയിലുണ്ട്. ഇതുകണ്ട് കേരളത്തിലെ ആളുകൾ തികഞ്ഞ ജാഗ്രതയുള്ളവരാണെന്ന് നിക്കൊ അഭിപ്രായപ്പെടുന്നു.
കോഴിക്കോട് ബീച്ചിലെ നിയന്ത്രണങ്ങളുടെ ഭാഗമായി അവിടെയെത്തുന്ന ആളുകളെ പോലീസ് തിരിച്ചയക്കുന്നതുകണ്ട് സർക്കാരിന്റെ നിയന്ത്രണനടപടികളെയും നിക്കൊ പ്രശംസിക്കുന്നു.
സഞ്ചാരിയായ നിക്കൊ രണ്ടാംതവണയാണ് കേരളത്തിലെത്തുന്നത്. കഴിഞ്ഞതവണത്തെ സന്ദർശനത്തിലാണ് വയനാട് ചുരത്തിനുസമീപം ആളുകൾ മാലിന്യം വലിച്ചെറിയുന്നതിന്റെ വീഡിയോ നിക്കൊ പകർത്തിയത്. ഇത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല