
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവായത്. ആകെ 10 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇനി രണ്ടു പേരുടെ ഫലം കൂടി വരാനുണ്ട്.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സാംപിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബിലാണ് പരിശോധന നടത്തുന്നത്.
അതിനിടെ, ഹൈ റിസ്‌ക് രാജ്യത്തുനിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാംപിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ഒമിക്രോണ്‍ ജാഗ്രതയില്‍ കുറവുണ്ടാകരുതെന്ന് മന്ത്രി അറിയിച്ചു.
ഇതിനിടെ, മഹാരാഷ്ട്രയിൽ 2 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കേസുകൾ 23 ആയി. ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്നു മുംബൈയിലെത്തിയവർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 10 ഒമിക്രോൺ കേസുകളായി. രാജസ്ഥാൻ (9), കർണാടക (2), ഗുജറാത്ത് (1), ഡൽഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ളവർ.
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ട്. രണ്ടാം തരംഗവുമായുള്ള താരതമ്യത്തിൽ വൈറസ് വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു. അതേസമയം, ഇത്തരം പ്രവചനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കാറില്ല.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല