1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2021

സ്വന്തം ലേഖകൻ: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗനിർദേശം തയാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ച് ദിവസത്തിനകം മാർഗനിർദേശം പുറത്തിറങ്ങും. ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി പി.ടി.എ യോഗം വിളിച്ചുചേര്‍ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നാം തിയ്യതി തുറക്കുക.

ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതു നിർദേശമെന്നും വിദ്യാർഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഓട്ടോയിലും രണ്ടു കുട്ടികളെ മാത്രമേ അനുവദിക്കൂ.

സ്കൂളുകളിൽ ഊഷ്മാവ്‌ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓക്‌സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും സ്‌കൂളില്‍ ഉണ്ടാക്കും. ഭിന്നശേഷിക്കാരായ കുട്ടികളെ ആദ്യഘട്ടത്തില്‍ അയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങള്‍ പോലുമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. അടിയന്തരഘട്ടമുണ്ടായാല്‍ അത് നേരിടാനുള്ള സംവിധാനം എല്ലാ സ്‌കുളിലും ഒരുക്കും.

ഇത് കൂടാതെ രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ ബോധവത്കരണ ക്ലാസ് നടത്തും. ക്ലാസിനെ വിഭജിക്കുമ്പോള്‍ അതിന്റെ ചുമതലയുള്ള അധ്യാപകര്‍ കുട്ടികളുമായി ഫോണില്‍ ബന്ധപ്പെടണം. സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സ്‌കൂളിലെ തിക്കും തിരക്കും ഒഴിവാക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.