1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2016

സ്വന്തം ലേഖകന്‍: പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും യുഎഇ സന്ദര്‍ശനത്തിനിടെ എമിറേറ്റസ് ടവറില്‍ ദുബൈ സ്മാര്‍ട്ട് സിറ്റി നടത്തിയ ബിസിനസുകാരുടെ സംഗമത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി ഉറപ്പുനല്‍കി.

പ്രവാസികളുടെ നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രവാസി നിക്ഷേപ സഹായ സെല്ലും പ്രമുഖ വ്യവസായികളെ ഉള്‍പ്പെടുത്തി പ്രവാസി നിക്ഷേപ കൗണ്‍സിലും രൂപീകരിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിനു വന്‍തോതില്‍ സഹായം നല്‍കിയ പ്രവാസികളെ വിസ്മരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഉടന്‍ തന്നെ പ്രഖ്യാപിക്കുന്ന പുതിയ വ്യവസായ നയത്തില്‍ എകജാലക സംവിധാനം നടപ്പിലാക്കുമെന്നും ഇതിലൂടെ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റസ് ടവറില്‍ നടന്ന ചടങ്ങ് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നൗദീപ് സിങ് ഉദ്ഘാടനം ചെയ്തു. ജോണ്‍ ബ്രിട്ടാസ് പരിപാടിയുടെ മോഡറേറ്ററായിരുന്നു.

ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബായിലെ അല്‍ ഖൂസിലെ ഡെല്‍സ്‌കോ ലേബര്‍ ക്യാംപിലും പിണറായി എത്തി. ഏറെ ആഘോഷത്തോടെയാണ് ക്യാമ്പിലെ നിവാസികള്‍ മുഖ്യമന്ത്രിയെ വരവേറ്റത്. 3600 തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലെത്തിയ മുഖ്യമന്ത്രി അവരുടെ സൗകര്യങ്ങള്‍ കണ്ട് വിലയിരുത്തി. പ്രവാസികളുടെ പ്രശ്‌നങ്ങളേക്കുറിച്ച് സര്‍ക്കാരിന് ജാഗ്രതയുണ്ടെന്നും ഇക്കാര്യത്തില്‍ അനിവാര്യമായ സുപ്രധാന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി വെള്ളിയാഴ്ച മടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.