1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2015

സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് വിഷ പച്ചക്കറി അയക്കുന്നില്ലെന്ന് തമിഴ്‌നാട് കൃഷി മന്ത്രി. കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറികളില്‍ കീടനാശിനിയില്ലെന്ന് തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. വൈത്തിലിംഗം നിയമസഭയില്‍ അവകാശപ്പെട്ടു.തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് കേരളം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിലെ അഞ്ചുജില്ലകളിലെ കൃഷിയിടങ്ങളില്‍ മാത്രമാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍, കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ 120 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 63 സാമ്പിളുകളിലും കീടനാശിനി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും മന്ത്രി ആരോപിച്ചു.

മെയ് 16 മുതല്‍ ജൂണ്‍ 20 വരെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രത്തില്‍ 84,522 കിലോ പച്ചക്കറികള്‍ പരിശോധിച്ചപ്പോള്‍ 20 കിലോയില്‍ മാത്രമാണ് കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയത്.
തിരുന്നല്‍വേലി, കോയമ്പത്തൂര്‍, സേലം, ദിണ്ടിഗല്‍, കൃഷ്ണഗിരി, മധുര, തിരുച്ചിറപ്പള്ളി, ഈറോഡ്, ധര്‍മപുരി, നാഗര്‍കോവില്‍, തേനി ജില്ലകളില്‍നിന്നാണ് കേരളത്തിലേക്ക് പച്ചക്കറി കയറ്റിയയ്ക്കുന്നത്.

പച്ചക്കറി, പഴം ഉത്പന്നങ്ങളില്‍നിന്ന് 117 സാമ്പിളുകള്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഇതില്‍ അഞ്ചുജില്ലകളില്‍ മാത്രമാണ് കീടനാശിനി ഉപയോഗം കണ്ടെത്തിയത്. ഈ ജില്ലകളില്‍ കീടനാശിനിയുടെ ഉപയോഗം 1.4 ശതമാനം മാത്രമാണ്. ഇന്ത്യയില്‍ ശരാശരി കീടനാശിനിയുടെ ഉപയോഗം 2.7 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

കീടനാശിനി ഉപയോഗിക്കാതെ എങ്ങനെ പച്ചക്കറികൃഷി ചെയ്യാമെന്ന് കര്‍ഷകരെ പഠിപ്പിക്കാനായി പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലേക്ക് പ്രതിദിനം 250 ലോറികളിലായി 800 ടണ്‍ പച്ചക്കറികള്‍ കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.