1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

കുവൈറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റേത് ആത്മഹത്യയാണെന്ന് പൊലീസ്. കോഴിക്കോട് സ്വദേശി റമീസ് അബ്ദുല്‍ സലാം ഇടത് കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ഉപയോഗിച്ച മൂര്‍ച്ചയേറിയ ബ്ലേഡ് മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് സുര്‍റ പ്രദേശത്ത്‌നിന്നും മണ്‍കൂനയില്‍നിന്നും ഒരു കൈമാത്രം പുറത്ത് കാണത്തക്ക രീതിയില്‍ റമീസിന്റെ മൃതദേഹം കണ്ടെത്തിയത്.

അഹമദിയിലെ ഒഎന്‍ജി കമ്പനിയില്‍ ഇലക്ട്രോണിക് എന്‍ജിനീയര്‍ ആയി ജോലി ചെയ്തിരുന്ന റമീസ് രണ്ട് മാസം മുമ്പാണ് കുവൈത്തിലെറ്റിയത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനായി പോയ റമീസ് പിന്നീട് മടങ്ങി എത്തിയിട്ടില്ല. ഇതേ തുടര്‍ന്ന് റമീസിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു. റമീസിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണില്‍നിന്നാണ് പൊലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചത്. റമീസിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ ഉയര്‍ന്ന് കേട്ടിരുന്നു.

താമസ സ്ഥലമായ അബു ഹലീഫയില്‍ നിന്നും 30 കിലോമീറ്ററോളം അകലെയുള്ള സുര്‍റയിലെ മണല്‍ കൂനയിലാണ് മൃതദേഹം കണ്ടെത്തിയത്. റമിസ് താമസിച്ചിരുന്ന വീടിനു സമീപത്തുള്ള മണല്‍ പ്രദേശത്ത്‌നിന്നും സുര്‍റയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ട് വന്നതായിരുന്നു ഈ മണല്‍ എന്ന് അന്വേണത്തില്‍ വ്യക്തമായിട്ടുണ്ട്. ടിപ്പര്‍ ലോറിയിലായിരുന്നു ഇവിടെ നിന്നും കുഴിച്ചെടുത്ത ഈ മണല്‍ കൊണ്ട് പോയത്. വീടിനു തൊട്ടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ മണല്‍ കൂനയില്‍ വന്നിരുന്നു ഞരമ്പ് മുറിച്ച റമീസ് പിന്നീട് രക്തം വാര്‍ന്നതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചതാകാമെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.പിന്നീട് ഇവിടെയുണ്ടായിരുന്ന മൃതദേഹം, മണല്‍ കയറ്റുന്നതിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ ലോറിയില്‍ അകപ്പെട്ട് സുര്‍റയിലെ നിര്‍മ്മാണ സ്ഥലത്ത് എത്തിയതാകാമെന്നാണു പോലീസിന്റെ നിഗമനം. ഇടതു കൈപ്പത്തിക്ക് മുകളിലായിട്ടായിരുന്നു ഞരബ് മുറിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണ കാരണം രക്തം വാര്‍ന്നത് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പേരാമ്പ്രയിലെ ബാദുഷാ സ്റ്റോര്‍ ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റുമായ അബ്ദുല്‍ സലാം ബാദുഷയുടേയും റസീനയുടെയും മൂത്ത മകനാണ് റമീസ്. ചൊവ്വാഴ്ച്ചയോടെ ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു റമീസിന്റെ വിവാഹം നിശ്ചയിച്ചത്. ആത്മഹത്യയാണെങ്കില്‍ എന്താണ് ഇതിന്റെ കാരണം എന്നതാണ് ഇപ്പോള്‍ ബന്ധുക്കളെ കുഴക്കുന്ന ഏറ്റവും വലിയ ചോദ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.