1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2017

സ്വന്തം ലേഖകന്‍: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസ്, എം വിന്‍സന്റ് എംഎല്‍എ റിമാന്‍ഡില്‍. വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റിനെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഫോണ്‍ സംഭാഷണങ്ങളുടെയും മൊഴികളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച എം.എല്‍.എ ഹോസ്റ്റലിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക മുറിയില്‍ നാലു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷം നാലരയോടെ പേരൂര്‍ക്കട പൊലീസ് ക്ലബിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് നെയ്യാറ്റിന്‍കര ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേ!യനാക്കിയശേഷം നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എംഎല്‍എ നെയ്യാറ്റിന്‍കര കോടതിയില്‍ എത്തിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടയുകയും പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. അറസ്റ്റ് രാഷ്ടീയ പ്രേരിതമാണെന്ന് എം.വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു.

രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യാപ്രേരണ, പീഡനം എന്നീ ജാമ്യമില്ലാകുറ്റങ്ങള്‍ ചുമത്തിയാണ് വിന്‍സെന്റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ നേരത്തെ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചശേഷം ഇവരുടെ സഹോദരനെ വിളിച്ച് കേസ് ഒതുക്കിത്തീര്‍ക്കണം എന്നാവശ്യപ്പെട്ട ഫോണ്‍ സംഭാഷണവും വീട്ടമ്മയോട് ഫോണ്‍മുഖേന നടത്തിയ അശ്ലീല സംഭാഷണങ്ങളും ഒരുമാസത്തിനിടയില്‍ വിളിച്ച അഞ്ഞൂറിലേറെ ഫോണ്‍കോളുകളുടെ രേഖകളും ഉദ്യോഗസ്ഥര്‍ വിന്‍സെന്റിന് മുന്നില്‍ നിരത്തി.

അപ്പോഴും പരാതി രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 19നാണ് വിന്‍സെന്റ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുന്നത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റികര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യശ്രമം നടത്തുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദി വിന്‍സെന്റ് ആയിരിക്കുമെന്നും വീട്ടമ്മ സഹോദരനോട് ഫോണിലൂടെ പറഞ്ഞിരുന്നു. ഈ സംഭാഷണങ്ങളെല്ലാം ഫോണിലെ മെമ്മറി കാര്‍ഡില്‍ സേവായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.