1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2017

സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍, ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്. സുരക്ഷ കാരണങ്ങളുടെ പേരിലാണ് ചെരിപ്പുകള്‍ ഊരിമാറ്റിയതെന്ന് നേരത്തെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ചെരിപ്പിനുള്ളില്‍ സംശയകരമായ വസ്തു കണ്ടെത്തിയിരുന്നു അത് ചിപ്പോ ക്യാമറയോ എന്നതില്‍ വ്യക്തത വരുത്താനാണ് പരിശോധനയെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ഡിസംബര്‍ 25 നായിരുന്നു കുല്‍ഭൂഷണുമായി ഭാര്യയ്ക്കും അമ്മയ്ക്കും കൂടിക്കാഴ്ചയ്ക്ക് പാകിസ്താന്‍ അനുവാദം നല്‍കിയിരുന്നത്. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പുകള്‍ പാകിസ്താന്‍ ഊരിമാറ്റുകയും കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തിരുന്നു. സംശയകരമായ എന്തോ ഒന്ന് അതിലുണ്ടായിരുന്നുവെന്നും ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും നല്‍കിയിരുന്നുവെന്നും വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുണ്ടാക്കിയ എല്ലാ ധാരണകളെയും പാകിസ്താന്‍ ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചു. ഭയത്തിന്റെ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിന്റെ മതപരവും സാംസ്‌കാരികവുമായ വികാരങ്ങള്‍ പാകിസ്താന്‍ വ്രണപ്പെടുത്തിയെന്നുമാണ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ കെട്ട് താലിയും, വളകളും അഴിപ്പിച്ചു. അമ്മയുടെയും ഭാര്യയുടെയും പൊട്ട് മായ്ക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രവും, രൂപവും വരെ മാറ്റി. കഴിഞ്ഞ ദിവസം വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. പാകിസ്താന്‍ കസ്റ്റഡിയിലായ ശേഷം ആദ്യമായാണ് കുല്‍ഭൂഷണ്‍ കുടുംബത്തെ കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.