1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2021

സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാത്ത 18വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി കുവൈത്ത് പ്രവേശനാനുമതി നല്‍കിത്തുടങ്ങി. ഒരു തവണ മാത്രമായിരിക്കും പ്രവേശനാനുമതി നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിക്കഴിഞ്ഞു. കാലാവധിയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് അനുമതി നല്‍കുക. കുവൈത്തിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയോടെയാണ് അനുമതി.

കുവൈത്തില്‍ എത്തിക്കഴിഞ്ഞാലുടന്‍ വാക്‌സിന്‍ എടുക്കുമെന്ന് രേഖാമൂലം എഴുതി നല്‍കുകയും വേണം. യാത്ര ചെയ്യുന്ന വിമാന കമ്പനിയാണ് ഇത് എഴുതി വാങ്ങേണ്ടത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന് ഈ സത്യവാങ്മൂലം കൈമാറണം. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്നാണ് നിയമം.

എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിലവില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയില്ലാത്ത സാഹചര്യത്തില്‍ കുടുംബ സമേതം കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് തീരുമാനം തിരിച്ചടിയാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഒരു തവണ പ്രവേശനാനുമതി നല്‍കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.

അതേസമയം, 2019 ഓഗസ്റ്റ് 31നോ അതിന് മുമ്പോ കുവൈത്ത് വിട്ട പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് കാലാവധി ഉണ്ടെങ്കിലും മടങ്ങിയെത്താനാവില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. 2019 സപ്തംബര്‍ ഒന്നിനോ അതിന് ശേഷമോ കുവൈത്ത് വിട്ട പ്രവാസികള്‍ക്ക് മടങ്ങി വരണമെങ്കില്‍ സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റോ വിസയോ ഉണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് കുവൈത്തില്‍ അംഗീകരിച്ചിരിക്കുന്നത്. അതേസമയം, സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്തവര്‍ കുവൈത്തില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താല്‍ മതിയെന്നും അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഇതിനകം 7582 പേര്‍ തിരിച്ചെത്തിയതായി കുവൈത്ത് വ്യോമയാന വകുപ്പ് അറിയിച്ചു. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമായി 174 വിമാനങ്ങളിലായി 17,843 പേരാണ് തിരിച്ചെത്തിയത്. ഇന്ത്യയില്‍ നിന്ന് 85 വിമാനങ്ങളും ഈജിപ്തില്‍ നിന്ന് 89 വിമാനങ്ങളുമാണ് സര്‍വീസ് നടത്തിയത്.

വിദേശത്തു നിന്നുള്ള സര്‍വീസുകള്‍ സജീവമായതിനനുസരിച്ച് വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. ആരോഗ്യ മന്ദ്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തനം. വ്യവസ്ഥകള്‍ പാലിക്കാതെ ഒരാളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.