1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് പ്രതിരോധ പോരാളികള്‍ക്ക് സൗജന്യ റേഷന്‍, ബോണസ് നല്‍കുന്നതിന് തീരുമാനം. 40,000 ആരോഗ്യ മുന്നണി പോരാളികള്‍ക്ക് ബോണസ് നല്‍കുന്നതിന് 134 ദശലക്ഷം ദിനാര്‍ അനുവദിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. നിരവധി വിദേശികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോണസും സൗജന്യ റേഷനും ലഭിക്കും.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ 90000 പേര്‍ക്കാണ് റേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. കോവിഡ് സുപ്രീം സമിതിയാണ് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള അര്‍ഹതയുള്ള ജീവനക്കാരെ ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

സൗജന്യ റേഷന്‍ പദ്ധതിയനുസരിച്ചു അരി, പഞ്ചസാര, കോണ്‍ ഓയില്‍, പാല്‍പ്പൊടി, ഫ്രോസന്‍ ചിക്കന്‍, പയറുവര്‍ഗങ്ങള്‍, ടൊമാറ്റോ പേസ്റ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടുന്നു. ഇ-റേഷന്‍ പദ്ധതി അനുസരിച്ചു വിതരണം ചെയ്യുന്നതിനാണ് തീരുമാനം.

അതിനിടെ കുവൈത്തില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദം സൃഷ്ടിച്ച ആശങ്കയും ഭീതിയും മൂലം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. ഇതിനകം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 2,30,000 പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

അതോടൊപ്പം ഒമിക്രോണ്‍ ഭീതി മൂലം രാജ്യത്ത് മാസ്‌ക് വില്‍പ്പന വീണ്ടും കുതിച്ചുയരുകയാണ്. ആദ്യഘട്ട കോവിഡ് ഭീതി മാറിത്തുടങ്ങിയതോടെ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതില്‍ നിന്നും പുറകോട്ട് പോയി എങ്കിലും വീണ്ടും മാസ്‌ക് വില്‍പ്പന കുതിച്ചുയരുകയാണ്. ഒമിക്രോണ്‍ ആശങ്ക പരന്നതോടെയാണ് മാസ്‌കിന് ആവശ്യക്കാര്‍ വര്‍ധിച്ചത്.

കുവൈത്തു സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ എത്തിയത്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നുള്ള ആരോഗ്യ മന്ത്രാലയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്രയും പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.

അതേസമയം രാജ്യത്ത് ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്‌കുവൈത്ത് ‌ആരോഗ്യമന്ത്രി ‌ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു. എങ്കിലും കൊറോണ വൈറസ് വകഭേദത്തിനെതിരായ ‌പ്രതിരോധ മുൻകരുതൽ പഴയ വകഭേദത്തിനെതിരെ ‌സ്വീകരിച്ചതിനെക്കാൾ വിപുലമായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം സ്വീകരിച്ച നിയന്ത്രണങ്ങളും പ്രവർത്തനങ്ങളുമാണ് വൈറസ് വ്യാപനം തടയുന്നതിന് സഹായിച്ചത്. സ്വദേശികളും വിദേശികളും ‌മുൻ കരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കണം. വാക്സിൻ സ്വീകരിക്കണം. ബൂസ്റ്റർ ഡോസും സ്വീകരിക്കണം. പിസിആർ പരിശോധനയും നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അൽ ഫുനൈറ്റീസ് മെഡിക്കൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.