
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് തത്കാലികമായി നിര്‍ത്തിവച്ചു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് ഉത്തരവ് പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സംവിധാനവുമായി ഏകോപിച്ചു കൊണ്ടു വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവക്കാന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതോടൊപ്പം നിരവധി വിദേശികള്‍ അനധികൃതമായി നേടിയെടുത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യാന്‍ ഗതാഗതവിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. ഇത്തരത്തില്‍ വിദേശികള്‍ കൈവശം സൂക്ഷിക്കുന്ന സാധുവായ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി പകരം പുതിയത് നല്‍കാനുള്ള പദ്ധതി നടപ്പിലാകുന്നതിനോടൊപ്പമാണ് അനധികൃത ലൈസന്‍സുകളും മന്ത്രാലയം റദ്ദാക്കുന്നത്.
ഇതനുസരിച്ചു രണ്ടര ലക്ഷത്തോളം ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ നിരത്തുകളില്‍ വര്‍ദ്ധിച്ചു വരുന്ന ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാനവ ശേഷി സമിതി എന്നീ മൂന്നു സര്‍ക്കാര്‍ ഏജന്‍സികളുടെ സംയുക്ത സമിതികളുടെ മേല്‍നോട്ടത്തിണ് പദ്ധതി നടപ്പിലാക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല