
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം അവസാനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയേക്കും. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് ആലോചിക്കുന്നതയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ അവസാനത്തോടെ കുവൈത്ത് വിമാന താവളം തുറക്കുന്നതിനും അതോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളോടെ ആയിരിക്കും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക. കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവൂ. അതേസമയം കുവൈത്ത് അംഗീകൃത വാക്സിന് സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് കുവൈത്തില്‍ എത്തിയ ശേഷം ഒരു ഡോസ് വാക്സിന് നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ജൂണ്‍ ജൂലായ് ഓഗസ്റ്റ് മാസങ്ങള്‍ കോവിഡ് പ്രതിരോധ നിര്‍ണ്ണായക ഘട്ടമാണെന്നും, നിലവില്‍ തുടരുന്ന വേഗതയില്‍ കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി രാജ്യം കൈ വരിക്കുമെന്നും,ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അതിനിടെ മുതിർന്ന കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർട്ട്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പാത പിന്തുടർന്ന് 12 മുതൽ 15 വയസ്സ് വരെയുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്.
സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി വാക്സിൻ നൽകിയേക്കും. ഏകദേശം രണ്ട് ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. കൂടുതൽ ഡോസ് എത്തിക്കാൻ ഫൈസർ കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ചർച്ച നടത്തിയതായും അവർ സമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
ആസ്ട്രസെനക വാക്സിൻ ആദ്യ ഡോസ് നൽകിയവർക്ക് ഇതുവരെ രണ്ടാം ഡോസ് നൽകിത്തുടങ്ങിയിട്ടില്ല. മൂന്നര ലക്ഷം പേരാണ് ആദ്യ ഡോസ് സ്വീകരിച്ച് കാത്തിരിക്കുന്നത്. പുതുതായി ആർക്കും നിലവിൽ ആസ്ട്രസെനക വാക്സിൻ നൽകുന്നില്ല. ഫൈസർ ആണ് കുവൈത്തിൽ ഇപ്പോൾ നൽകിവരുന്നത്. മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഇറക്കുമതിക്ക് ധാരണയായിട്ടുണ്ടെങ്കിലും ആദ്യ ഷിപ്മെൻറ് ഇതുവരെ കുവൈത്തിൽ എത്തിയിട്ടില്ല.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല