
സ്വന്തം ലേഖകൻ: കുവൈത്തിൽ കർഫ്യൂ ഏപ്രിൽ 22 വരെ തുടരും. ഏപ്രിൽ എട്ടുമുതൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയായിരിക്കും പുതിയ സമയം. നേരേത്ത ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനതോത് വിലയിരുത്തി കർഫ്യൂ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
കർഫ്യൂ നിലനിൽക്കുമെങ്കിലും റമദാനിൽ റസ്റ്റാറൻറുകൾക്ക് രാത്രി ഏഴുമുതൽ പുലർച്ച മൂന്നുവരെ ഡെലിവറി സർവിസിന് പ്രത്യേക അനുമതി നൽകും. ഏപ്രിൽ എട്ടുമുതൽ റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുവരെ നടക്കാൻ അനുമതിയുണ്ടാകും. സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല. സ്വന്തം റെസിഡൻഷ്യൽ ഏരിയക്കു പുറത്തുപോകാനും പാടില്ല.
സഹകരണ സംഘങ്ങളിൽ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്തേക്ക് ഷോപ്പിങ് അപ്പോയിൻറ്മെൻറ് നൽകും. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികളുടെ പരീക്ഷ മുടങ്ങാതിരിക്കാൻ ഇടപെടുമെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. കുവൈത്ത് അധികൃതരുമായും സി.ബി.എസ്.ഇ, സ്കൂൾ മാനേജ്മെൻറ്, പ്രിൻസിപ്പൽമാർ എന്നിവരുമായി എംബസി ആശയവിനിമയം നടത്തുന്നതായും പരീക്ഷ സുരക്ഷിതമായ അന്തരീക്ഷത്തിൽ സാധാരണ രീതിയിൽ നേരിട്ടുതന്നെ നടത്താൻ കഴിയുമെന്നും അംബാസഡർ പറഞ്ഞു.
കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് ഇറക്കിയ വാർത്തക്കുറിപ്പിലും സമൂഹ മാധ്യമ സന്ദേശത്തിലുമാണ് അംബാസഡർ ഇക്കാര്യം വ്യക്തമാക്കിയത്.
”കുട്ടികൾ ആശങ്കയും ഉത്കണ്ഠയും ഒഴിവാക്കി പഠനത്തിൽ ശ്രദ്ധിക്കണം. നിങ്ങളുടെ വിഷമങ്ങൾ എംബസി മനസ്സിലാക്കുന്നുണ്ട്. വിദ്യാർഥികൾക്ക് ഇൗ സമയം എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. പ്രത്യേകിച്ച് 12ാം ഗ്രേഡ് വിദ്യാർഥികൾക്ക്. നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മനുഷ്യസാധ്യമായ എല്ലാം ചെയ്യും. കഴിഞ്ഞ ഒാപൺ ഹൗസിൽ വിഷയം ചർച്ചചെയ്തിരുന്നു. അധ്യാപകരും രക്ഷിതാക്കളും കാര്യങ്ങൾ വിശദീകരിച്ചു. എംബസിക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്. അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണ്. പരീക്ഷ നടത്തിപ്പിനെ കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ട. പകരം പഠിത്തത്തിൽ ശ്രദ്ധിക്കുക” -വിദ്യാർഥികളെ അഭിസംബോധന ചെയ്ത് അംബാസഡർ സിബി ജോർജ് പറഞ്ഞു.
മേയ് മാസത്തില്‍ കുവൈത്തിൽ എഴുത്തുപരീക്ഷ നടത്താന്‍ അനുവാദം തേടി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകൾ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്. കുവൈത്തിൽ നേരിട്ടുള്ള പരീക്ഷ നടത്താൻ അനുമതി ലഭിച്ചില്ലെങ്കിൽ 8000 വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ വന്ന് പരീക്ഷ എഴുതേണ്ടിവരും.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്താന്‍ സ്കൂളുകള്‍ തയാറാണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 12 മുതലാണ് കുവൈത്തിൽ വിദ്യാലയങ്ങൾ അടച്ചിട്ടത്. ഒാൺലൈനായാണ് ഇപ്പോൾ അധ്യയനം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല