
സ്വന്തം ലേഖകൻ: ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ പുതുക്കില്ലെന്ന തീരുമാനം ജനുവരിയിൽ പ്രാബല്യത്തിൽ വരും. എന്നാൽ അത്തരക്കാർക്ക് മക്കളുടെയോ പങ്കാളിയുടെയോ സ്പോൺസർഷിപ്പിൽ കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കുമെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു.
ബിരുദമില്ലാത്ത 60 വയസ്സുകാർക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതൽ നിലവിൽ വരുമെങ്കിലും 2021ൽ കാലാവധി തീരുന്ന ഇഖാമയുള്ളവർക്ക് തുടരാനാകും. അത് കഴിയുമ്പോഴേക്കും കുടുംബ വീസയിലേക്ക് മാറ്റിയാൽ മതി. തൊഴിൽ വീസയിലുള്ള 60 തികഞ്ഞവരിൽ ബിരുദധാരികൾ അല്ലാത്തവർ കുവൈത്തിൽ തുടരുന്നതിന് ആശ്രിത വീസയിലേക്ക് മാറിയാൽ തൊഴിലെടുക്കാൻ അനുമതി ഉണ്ടാകില്ല. കുടുംബമൊത്ത് കുവൈത്ത് തുടരാമെന്ന സൗകര്യം മാത്രം ലഭിക്കും.
കുടുംബ വീസയിൽ നിന്ന് സ്വകാര്യമേഖലയിലെ തൊഴിൽ വീസയിലേക്ക് മാറ്റം ചില വിഭാഗങ്ങൾക്ക് മാത്രമാകും. സ്വദേശി വനിതയുടെ പങ്കാളിയും മക്കളും, സ്വദേശികളുടെ ഭാര്യമാർ, അംഗീകൃത രേഖയുള്ള പലസ്തീൻകാർ, കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവർ എന്നിവർക്കാണ് ഇളവ്.
പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് തൊഴിൽ വീസ മാറ്റവും ചില വിഭാഗങ്ങൾക്ക് മാത്രമായിരിക്കും. സ്വദേശി വനിതകളുടെ പങ്കാളിയും മക്കളും, സ്വദേശികളുടെ ഭാര്യമാർ, അംഗീകൃത രേഖകളുള്ള പലസ്തീൻകാർ, ആരോഗ്യമേഖലയിൽ സ്പെഷലൈസ്ഡ് തസ്തികയിൽ ജോലിക്ക് യോഗ്യതയുള്ള സർട്ടിഫിക്കറ്റ് കൈവശമുള്ളവർ (ആരോഗ്യ മന്ത്രാലയത്തിൽ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്നതിന് ലൈസൻസുള്ളവർ).
1992 മുതൽ 2020 വരെ കാലയളവിൽ കുവൈത്തിൽനിന്ന് 8 ലക്ഷം വിദേശികളെ നാടുകടത്തി. അതേസമയം നാടുകടത്തിയ ശേഷം വ്യാജ പാസ്പോർട്ടുമായി എത്തിയ 25000 വിദേശികളെ 2011ന് ശേഷം വിമാനത്താവളത്തിൽ പിടികൂടിയതായും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ വിരലടയാള പരിശോധനാ സംവിധാനം ഏർപ്പെടുത്തിയത് 2011ൽ ആയിരുന്നു. അതിന് ശേഷമാണ് അത്രയും പേർ പിടിയിലായത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല