1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2021

സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും സര്‍വകലാശാലാ ബിരുദം ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കി ലഭിക്കണമെങ്കില്‍ 2000 ദിനാര്‍ ഫീസ് അടയ്ക്കണമെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജനുവരി മുതലാണ് ബിരുദമില്ലാത്ത 60 കഴിഞ്ഞ പ്രവാസികളുടെ വിസപുതുക്കലിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവിനു പിന്നാലെ അതിനെതിരായ എതിര്‍പ്പുകളും ശക്തമായിരുന്നു. രാജ്യത്തെ പ്രമുഖ വ്യക്തികള്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും നിയമം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരേ രംഗത്ത് വരികയുണ്ടായി.

സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാരിതര സംഘടനകളില്‍ നിന്നും നിയമത്തിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കാന്‍ 60 കഴിഞ്ഞവര്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ഇത്രവലിയ തുക ഫീസായി നല്‍കുക പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തു വന്നിരുന്നു.

പരമാവധി 500 ദിനാറായി ഫീസ് കുറയ്ക്കണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയും അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാനും തമ്മില്‍ അസ്വാരസ്യം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഫീസ് ഈടാക്കണമെന്ന തീരുമാനത്തില്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാബനറ്റ് നിര്‍ബന്ധിതരായത്.

വിസ പുതുക്കാന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരേ പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായിരുന്നു. തൊഴിലാളി യൂനിയനുകള്‍, ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കുവൈത്ത് ചേംബര്‍ ഓഫ്് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി തുടങ്ങിയവരും തീരുമാനത്തിനെതിരേ രംഗത്തുവരികയുണ്ടായി.

ദീര്‍ഘകാലത്തെ തൊഴില്‍ പരിജ്ഞാനവും വിവിധ തൊഴിലുകളില്‍ മികച്ച നൈപുണ്യവുമുള്ള ജീവനക്കാരെയാണ് രാജ്യത്തിന് നഷ്ടമാവുന്നതെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും കാണിച്ച് ചേംബര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍ കുവൈത്ത് പ്രധാന മന്ത്രിക്ക് കഴിഞ്ഞ ദിവസം ഒരു തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.