സ്വന്തം ലേഖകന്‍: യുഎസിലെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവെച്ചു കൊന്ന അമേരിക്കക്കാരന് 78 വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷമാണ് വംശീയ വിദ്വേഷം കാരണം ഇന്ത്യന്‍ എന്‍ജിനീയറായ ശ്രീനിവാസ് കുച്ചിഭോട്ലയെ (32) മുന്‍ നാവികോദ്യോഗസ്ഥന് ആഡം പുരിന്റണ് (52) വെടിവച്ചു കൊന്നത്. പ്രതിയ്ക്ക് 78 വര്‍ഷം തടവ് വിധിച്ച കാന്‍സസ് ഫെഡറല്‍ ജഡ്ജി പുരിന്റണ് 100 വയസ്സാകാതെ പരോളും അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
‘കടന്നുപോകൂ എന്റെ രാജ്യത്തുനിന്ന്,’ എന്ന് ആക്രോശിച്ചാണു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നു ശ്രീനിവാസ് കുച്ചിഭോട്ലയ്ക്കു നേരെ പുരിന്റണ് വെടിയുതിര്‍ത്തത്. ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മടസാനിയെ വെടിവച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമിയെ തടയാനെത്തിയ യുഎസ് പൗരന് ഇയാന്‍ ഗ്രില്ലോടിനും വെടിവയ്പില്‍ പരുക്കേറ്റു. കൊലപാതകത്തിനും രണ്ടു വധശ്രമത്തിനുമാണു തടവുശിക്ഷ വിധിച്ചിട്ടുള്ളത്.
പ്രതിക്കെതിരെ ചുമത്തിയ വംശീയവിദ്വേഷ, ആയുധ നിയമലംഘന കുറ്റങ്ങളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല കോടതി വിധിയെ സ്വാഗതം ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള ശ്രീനിവാസ്, യുഎസില്‍ ഏവിയേഷന്‍ സിസ്റ്റംസ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല