1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2018

സ്വന്തം ലേഖകന്‍: പ്രതിപക്ഷ പ്രതിഷേധം പാഴായി; മുത്തലാഖ് ബില്ലിന് ലോകസഭയില്‍ അംഗീകാരം; ബില്ലിനെ എതിര്‍ത്ത് 11 എംപിമാര്‍. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മുത്തലാഖ് ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്ല് പാസാക്കാന്‍ വോട്ടിനിടുകയായിരുന്നു. 245 പേര്‍ ബില്ലിനെ പിന്തുണച്ചു. 11 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസും അണ്ണാ ഡി.എം.കെയും സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

അതേസമയം, മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലിം പുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോണ്‍ഗ്രസ് എം.പി സുശ്മിതാ ദേവ് ആരോപിച്ചു.

മുത്തലാഖ് ക്രിമിനില്‍ കുറ്റമാക്കണമെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനൊപ്പം ടി.ഡി.പിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബില്ല് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

‘ബില്ല് ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ല. അത് നീതിക്കും സ്ത്രീസമത്വത്തിനും വേണ്ടിയുള്ളതാണ്. രാജ്യമെങ്ങും മുത്തലാഖുകള്‍ നടക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. ആരെയും ബലിയാടാക്കാനല്ല ഞങ്ങളുടെ ശ്രമം,’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബില്ലിനെ എതിര്‍ത്ത് ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. മുത്തലാഖില്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഒറ്റയടിക്ക് വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലാണ് ലോക്‌സഭ പാസാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.