1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2021

സ്വന്തം ലേഖകൻ: ഹെലിക്കോപ്റ്റര്‍ അപകടത്തിൽപ്പെട്ടപ്പോൾ സഹായക്കാനെത്തിയ കുടുംബത്തെ സന്ദർശിച്ച് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി . കഴിഞ്ഞ ഏപ്രിൽ 11 നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്റ്റർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്.

അപകടസമയത്ത് ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, അദ്ദേഹത്തിന്റെ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ കാണാനാണ് യൂസഫലി എത്തിയത്. നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു. ലേക്‌ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം .

ദൈവമാണ് രക്ഷിച്ചത്. അപകടം നടന്നപ്പോൾ മഴയത്ത് കുടയുമായി എത്തി പിടിച്ചു കൊണ്ടുവന്നത് ഈ സഹോദരനാണ്. ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നു. ഇവരെ കാണാൻ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ്. ആദ്യം കാണാന്‍ വന്നപ്പോള്‍ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ കാണാന്‍ സാധിച്ചില്ല. അതിന് ശേഷം ഒരു തവണ വന്നെങ്കിലും വ്യക്തിപരമായ കാരണങ്ങൾ മൂലം കാണാന്‍ സാധിച്ചില്ല . ആ വാക്ക് ഇപ്പോള്‍ പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

പരിക്കേറ്റതിനെ തുടർന്ന് സർജറി നടത്തേണ്ടി വന്നു. നാല് മാസം വിശ്രമത്തിലായിരുന്നു. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ നടക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ബിജിക്കും രാജേഷിനും നിരവധി സമ്മാനങ്ങളുമായാണ് അദ്ദേഹമെത്തിയത്. രാജേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ആവശ്യമായ എല്ലാ സഹായവും യൂസഫലി വാഗ്ദാനം ചെയ്തു

കുടുംബത്തിനൊപ്പം അല്‍പ്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് എന്ത് പ്രത്യുപകാരം നല്‍കിയാലും അത് മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടത് പൈലറ്റിന്‍റെ വീഴ്ചമൂലമെന്നാണ് ഡിജിസിഎ നിഗമനം. കാലാവസ്ഥയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എങ്കിലും അത് കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചു. സാങ്കേതിക തകരാറല്ല സംഭവിച്ചതെന്നും യൂസഫലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.