1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2019

സ്വന്തം ലേഖകൻ: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണിത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനയ്ക്ക് ലഭിക്കും. ധനകാര്യ വകുപ്പ് എന്‍സിപിക്കും റെവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനും ലഭിക്കും.

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആറ് മന്ത്രിമാര്‍ക്കൊപ്പം നവംബര്‍ 28നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിമാരുടെ വകുപ്പുകള്‍ വീതിച്ചു നല്‍കാത്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിയാവും. സുപ്രധാന വകുപ്പുകളായ നഗര വികസനം, വനം – പരിസ്ഥിതി, ജലവിതരണം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനാവും. ശിവസേനയിലെ സുഭാഷ് ദേശായിക്കാവും വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ് എന്നീ മന്ത്രാലയങ്ങളുടെ ചുമതല.

എന്‍സിപി നേതാവ് ജയന്ത് പാട്ടീലാവും മഹാരാഷ്ട്രയിലെ ധനമന്ത്രി. ഭവന നിര്‍മാണം, ആരോഗ്യം, തൊഴില്‍, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാവും. എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍ നഗര വികസനം, ജലവിഭവം, സാമൂഹ്യക്ഷേമം, ഭക്ഷ്യവകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാകും.

കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറാട്ടാവും റെവന്യൂമന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നീ മന്ത്രാലയങ്ങളും അദ്ദേഹത്തിന് ലഭിക്കും. കോണ്‍ഗ്രസിലെ നിതിന്‍ റാവത്താവും പൊതുമരാമത്ത്, ഗോത്രവര്‍ഗ ക്ഷേമം, വനിതാ – ശിശുവികസനം, ടെക്‌സ്‌റ്റൈല്‍സ്, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.