1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2019

സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭപരിപാടികള്‍ തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.

തനിക്കുപോലും തന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ അറിയില്ലെന്നും ജനങ്ങള്‍ക്ക് അതെങ്ങനെയാണ് തെളിയിക്കാനാവുകയെന്നും അവര്‍ ചോദിച്ചു. ബി.ജെ.പി കളിക്കുന്നത് തീ കൊണ്ടാണെന്നും മമത കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

“അവര്‍ കള്ളം പറയുകയും ആശങ്കയുണ്ടാക്കുകയുമാണ്. എനിക്ക് എന്റെ അമ്മയുടെ ജനനത്തിയതിയോ ജനന സ്ഥലമോ പോലും അറിയില്ല. എനിക്കത് പറയാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്കെല്ലാം എങ്ങനെ സാധിക്കും?,” മമത ചോദിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെയും മമത രൂക്ഷമായി വിമര്‍ശിച്ചു. “കര്‍ണാടകയില്‍ പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊല്ലുകയാണ്. എന്നിട്ടും ബംഗാളിലെ പ്രതിഷേധക്കാരെ കലാപകാരികളെന്ന് വിളിക്കാന്‍ അവര്‍ക്ക് നാണമില്ലേ?” മമത പറഞ്ഞു.

“ഈ റാലി ജനങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ളതാണ്. ദിവസങ്ങള്‍ കഴിയുന്തോറും പ്രതിഷേധത്തിന് ജനപങ്കാളിത്തം കൂടിക്കൂടി വരുന്നത് നോക്കൂ. ജീവിതകാലം മുഴുവന്‍ കോളെജ് ഗേറ്റിലും റോഡിലും പ്രതിഷേധിച്ച എനിക്ക് ഈ പ്രതിഷേധങ്ങളുടെയൊക്കെ ഭാഷ മനസിലാവും,” അവര്‍ കൂട്ടിച്ചേര്‍ത്തു.

മംഗളൂരുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന കാര്യവും മമത ചൂണ്ടിക്കാട്ടി. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തന്‍റെ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും മമത വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.