1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2017

സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്, 23 കാരന്‍ പിടിയില്‍, മരണം 22 ആയി, മരിച്ചവരില്‍ കൂടുതലും ചെറുപ്പക്കാരും കുട്ടികളും. മാഞ്ചസ്റ്റര്‍ സിറ്റിയിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ സംഗീത പരിപാടിക്കിടെ 22 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. സംഭവത്തില്‍ 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഇരുപത്തിരണ്ടു കാരനായ സല്‍മാന്‍ അബെദിയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊല നടത്തിയത്. മാഞ്ചസ്റ്ററില്‍ ജനിച്ച സല്‍മാന്‍ ലിബിയയില്‍ നിന്ന് കുടിയേറിയ അഭയാര്‍ഥി കുടുംബത്തിലെ അംഗമാണ്. സംഭവവുമായി ബന്ധപ്പെട്ടാണ് 23 കാരനായ മറ്റൊരു യുവാവിനെയും പോലീസ് അറസ്‌റ് ചെയ്തത്.

ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തിന്റെ തിരിച്ചടിയാണ് മാഞ്ചസ്റ്ററിലെ ആക്രമണമെന്നും ഐഎസ് അനുകൂല വാര്‍ത്താ കേന്ദ്രങ്ങള്‍ അറിയിച്ചു. പ്രാദേശിക സമയം തിങ്കള്‍ രാത്രി 10.35 നുണ്ടായ ബോംബു സ്‌ഫോടനത്തില്‍ 22 പേര്‍ മരിക്കുകയും നൂറു കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതലാളുകള്‍ക്കും പരുക്കേറ്റത്.

ടെലിഗ്രാം വഴിയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ടുള്ള സന്ദേശമെത്തിയത്. ഒരു ഐ.എസ് പോരാളിക്ക് മാഞ്ചസ്റ്ററില്‍ സ്‌ഫോടക വസ്തു സ്ഥാപിക്കാന്‍ സാധിച്ചു എന്നായിരുന്നു സന്ദേശം.ആക്രമണം നടത്തിയ ആളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടിക്കിടെ പ്രാദേശിക സമയം രാത്രി പത്തരയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്.

ഔദ്യോഗിക സ്ഥരീകരണത്തിനു മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഐ.എസ് അനുഭാവികള്‍ ആഹ്ലാദ പ്രകടനങ്ങളുമായി എത്തിയിരുന്നു. ഗായിക അരീന ഗ്രാന്‍ഡെയും സംഘാംഗങ്ങളും സുരക്ഷിതരാണ്. ചാവേര്‍ ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അരീനയില്‍നിന്നും വിക്ടോറിയ ട്രെയിന്‍ട്രാം സ്‌റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖല സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി മോദിയുള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ ആക്രമണത്തെ അപലപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.