1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2019

സ്വന്തം ലേഖകന്‍: ‘റഫാല്‍ രഹസ്യങ്ങള്‍ പരീക്കറുടെ കിടപ്പുമുറിയില്…’ വിവാദ ഓഡിയോ ടേപുമായി കോണ്‍ഗ്രസ്; പ്രധാനമന്ത്രി മോദി ഒളിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. റഫാല്‍ വിവാദത്തില്‍ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. റഫാലുമായി ബന്ധപ്പെട്ട് ഗോവയിലെ മന്ത്രിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍ ഉണ്ടെന്ന്, മന്ത്രി വിശ്വജിത് റാണെ പറയുന്നതാണ് ശബ്ദ സന്ദേശമെന്നാണ് കോണ്‍ഗ്രസ് വാദം.

ഇതിനാലാണോ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തെ ബി.ജെ.പി ഭയക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ചോദിച്ചു. 36 റഫാല്‍ വിമാനങ്ങള്‍ക്കായുള്ള റഫാല്‍ കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പിന്നീട് 2017ല്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കര്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

എന്നാല്‍, റഫാലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ തന്റെ ഫ്‌ലാറ്റിലെ കിടപ്പുമുറിയിലാണെന്നും അതിനാല്‍ തന്നെ ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയില്ലെന്നും കാബിനറ്റ് മീറ്റിംങില്‍ പരീക്കര്‍ പറഞ്ഞാതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇക്കാര്യം മന്ത്രി വിശ്വജിത് റാണെ മറ്റൊരാളോട് വെളിപ്പെടുത്തുന്നതാണ് ശബ്ദരേഖയെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ശബ്ദരേഖ പുറത്തുവിട്ടത്.

റാണെയുടെ ശബ്ദമടങ്ങുന്ന സന്ദേശമാണ് രാഹുല്‍ സഭയില്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ജെയ്റ്റ്‌ലി രാഹുലിന്റെ ആവശ്യം എതിര്‍ത്തു. ഇതേതുടര്‍ന്ന് ഈ ശബ്ദസന്ദേശം സഭയില്‍ കേള്‍പ്പിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഉത്തരവാദിത്വം എഴുതി നല്കണമെന്ന് രാഹുല്‍ സ്പീക്കറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തിയില്ല. തുടര്‍ന്ന് പ്രധാനമന്ത്രി മുറിയില്‍ ഒളിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

126ല്‍ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്. എന്തിന് പ്രധാനമന്ത്രി വില കൂട്ടി റഫാല്‍ വാങ്ങി. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് മനോഹര്‍ പരീക്കറിന്റെ കയ്യില്‍ നിരവധി ഫയലുകളുണ്ടെന്നും പ്രധാനമന്ത്രി അനില്‍ അംബാനിയുടെ പോക്കറ്റില്‍ പണം ഇട്ടുകൊടുക്കുകയിരുന്നെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യം സംശയിക്കുന്നത് പ്രധാനമന്ത്രിയെ തന്നെയാണ്. എച്ച് എ എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിക്ക് എന്തിന് കരാര്‍ നല്കി എന്ന് മോദി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.