
സ്വന്തം ലേഖകൻ: അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസവും 1980 മുതല്‍ 1987 വരെ മിഡില്‍വെയ്റ്റ് ചാംപ്യനായിരുന്ന മാര്വിന് ഹാഗ്ലര്‍(66) അന്തരിച്ചു. മാര്‍വിന്റെ ഭാര്യ കേ ജി. ഹാഗ്ലറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹാംഷെയറിലെ കുടുംബവീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. 1973 മുതല്‍ 1987 വരെ കായികലോകത്തെ നിറസാന്നിധ്യമായിരുന്ന മാര്വിന്. ഈ കാലത്ത് രണ്ട് സമനിലയും 52 നോക്കൗട്ടുകളും സ്വന്തമാക്കി 62-3 എന്ന റിക്കാര്‍ഡ് നേടിയിരുന്നു.
1985ല്‍ ലാസ് വെഗാസിലെ സീസര്‍ പാലസില്‍ നടന്ന തോമസ് ഹിറ്റ്മാന് ഹിയേഴ്ണ്‍സിനെതിരായ എട്ട് മിനിറ്റിലധികം നീണ്ടുനിന്ന മല്‍സരം ഒരു ക്ലാസിക് ആയാണ് കണക്കാക്കപ്പെടുന്നത്. 1980 ല്‍ വേള്‍ഡ് ബോക്സിംഗ് കൗൺസിലിന്റെയും വേൾഡ് ബോക്സിംഗ് അസോസിയേഷന്റെയും മിഡിൽവെയ്റ്റ് കിരീടങ്ങൾ ഹാഗ്ലർ നേടി. 1976 മുതല്‍ 1986 വരെ, 36 വിജയങ്ങളും ഒരു സമനിലയും ഹാഗ്ലര്‍ നേടിയിരുന്നു. ബോക്സിംഗിൽ നിന്നും വിരമിച്ചതിന് ശേഷം നടനും ബോക്സിംഗ് കമന്റേറ്ററുമായും പ്രവർത്തിച്ചിരുന്നു.
ബോക്സിങ് ഇല്ലസ്ട്രേറ്റഡ് മാഗസിന് 1980ല്‍ ഹാഗ്ളറെ ദശാബ്ദത്തിന്റെ പോരാളിയായാണ് വിശേഷിപ്പിച്ചത്. ലിയോണാര്‍ഡിനോടേറ്റ വിഖ്യാതമായാ തോല്‍വിക്കുശേഷം റിങ് വിട്ട ഹാഗ്ളര്‍ പിന്നീട് അഭിനയത്തിലേയ്ക്ക് തിരിഞ്ഞു. ഹോളിവുഡിലെ ആക്ഷന്‍ ചിത്രങ്ങളില്‍ പിന്നീട് സജീവ സാന്നിധ്യമായി. ഇന്‍ഡിയോ, ഇന്‍ഡിയോ2, വെര്‍ച്വല്‍ വെപ്പണ്‍ തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല