1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2015

സ്വന്തം ലേഖകന്‍: മിനാ ദുരന്തം, 17 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം, 11 മലയാളികളെ കാണാതായി. ബലിപെരുന്നാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടു മലയാളികളടക്കം 17 ഇന്ത്യന്‍ തീര്‍ഥാടകര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നാലു മലയാളികളടക്കം 16 ഇന്ത്യക്കാര്‍ പരുക്കേറ്റു ചികില്‍സയിലാണ്. കാണാതായ 11 മലയാളികള്‍ക്കായി അന്വേഷണം നടക്കുന്നു. വിവിധ രാജ്യക്കാരായ 717 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

പാലക്കാട് വടക്കഞ്ചേരി പുതുക്കോട് അഞ്ചുമുറി കിഴക്കേത്തറ മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62) ആണു മരിച്ച രണ്ടാമത്തെ മലയാളി. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്റെ (51) മരണം കഴിഞ്ഞദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഹജ് മിഷന്‍ പുറത്തുവിട്ട പട്ടികയില്‍ ഇരുവരുടെയും പേരില്ല. ഇവര്‍ സൗദിയിലെ ആഭ്യന്തര ഹജ് ഗ്രൂപ്പ് വഴി റിയാദില്‍ നിന്നു പുറപ്പെട്ടവരായതാണു കാരണം.

14 ഇന്ത്യക്കാര്‍ മരിച്ചതായാണു ഹജ് മിഷനും കേന്ദ്ര വിദേശകാര്യവകുപ്പും നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ ഈ പട്ടികയില്‍ ഇല്ലാത്ത ഒരാളുടെ മരണംകൂടി തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഖാദര്‍ റിയാദില്‍ ബിസിനസ് നടത്തുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ നൂര്‍ജഹാനും ഒപ്പമുണ്ടായിരുന്നെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. അലിമുത്ത് റിയാദ്, അബ്ദുല്‍ ഹക്കീം, സാബിറ, സജിന. മരുമക്കള്‍: ഫെമിന, ഹസീല, നൗഷാദ്, ഫൈസല്‍ എന്നിവര്‍ മക്കളാണ്.

സൗദിയിലെ ആഭ്യന്തര ഹജ് ഗ്രൂപ്പുകള്‍ വഴി എത്തിയവരാണു കാണാതായ 11 മലയാളികളും. ഇവരുടെ വിശദാംശങ്ങള്‍ ഹജ് മിഷന്റെ കൈവശമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു സൗദി ആരോഗ്യ മന്ത്രാലയം ഹെല്പ് ലൈന്‍ തുറന്നു. നമ്പര്‍: 00966 112125552.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.