1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2019

സ്വന്തം ലേഖകന്‍: ‘മോദി ഭിന്നിപ്പിന്റെ തലവന്,’ രൂക്ഷ വിമര്‍ശനവുമായി ടൈം മാഗസിന്‍ കവര്‍ സ്റ്റോറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കന്‍ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിന്റെ കവര്‍ സ്റ്റോറി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വര്‍ഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിന്‍ ചോദിക്കുന്നുണ്ട്.

ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയില്‍ മോദിയുടെ ചിത്രം കവറില്‍ നല്‍കിയ അതേ ടൈം മാഗസിന്‍ തന്നെ, ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതില്‍ മുമ്പനായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട് തിരിഞ്ഞു കൊത്തിയിരിക്കുകയാണ് പുതിയ കവര്‍ സ്റ്റോറിയിലൂടെ. കവറില്‍ മോദിയുടെ കാരിക്കേച്ചര്‍ അടക്കമാണ് ആതിഷ് തസീര്‍ എഴുതിയ ലേഖനം ടൈം നല്‍കിയത്.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി തന്നെ വിമര്‍ശിക്കുന്നുണ്ട്. പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളില്‍ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നല്‍കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിന്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

ഇത് മൂന്നാം തവണയാണ് മോദി ടൈം മാഗസിന്റെ കവര്‍ ചിത്രമാകുന്നത്. 2015 ലാണ് ഇതിനുമുമ്പ് മോദിയെപ്പറ്റിയുള്ള അവരുടെ പതിപ്പ് ഇറങ്ങിയത്. ടൈം പേഴ്‌സണ്‍ ഓഫ് ഇയര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുണച്ചത് മോദിയെ ആയിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.