1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2017

സ്വന്തം ലേഖകന്‍: വട്ടിപ്പലിശക്കാരുടെ ഭീഷണി, തമിഴ്‌നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബം കലക്ട്രേറ്റ് വളപ്പില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലെ കാശിധര്‍മം സ്വദേശികളായ സ്ത്രീയും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. തിരുനെല്‍വേലി കളക്ട്രേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

കാശിധര്‍മം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും രണ്ട് പെണ്‍മക്കളും വട്ടിപ്പലിശക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ കലക്ട്രേറ്റിലെത്തിയതായിരുന്നു. പരാതികളുടെ ഹിയറിംഗ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് ഇവര്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി. തൊട്ടടുത്തുള്ളവര്‍ മണ്ണ് വാരിയെറിഞ്ഞും മറ്റും രക്ഷിയ്ക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ സുബ്ബുലക്ഷ്മിയും അഞ്ച് വയസ്സുകാരി മധു സാരുണ്യയും വൈകിട്ടോടെ എട്ട് വയസ്സുകാരി ഭരണിയും മരിച്ചു. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ഇസൈക്കിമുത്തുവിന്റെ നില ഗുരുതരമാണ്. ഗ്രാമത്തിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങിയ ഇവര്‍ രണ്ട് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ തിരിച്ചടച്ചതായി ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ രണ്ട് ലക്ഷം കൂടി വേണമെന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതിരുന്നതിനെത്തുടര്‍ന്നാണ് ഇവര്‍ കലക്ട്രേറ്റില്‍ പരാതി നല്‍കാനെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.