1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2017

സ്വന്തം ലേഖകന്‍: ജിയോ തരംഗം തുണയായി, മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായ വ്യക്തി. ഓഹരി വില കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ(12.1 ബില്യണ്‍ ഡോളര്‍) വര്‍ധനവാണുണ്ടായതെന്ന് ബ്ലൂംബെര്‍ഗിന്റെ കോടീശ്വര സൂചിക പറയുന്നു. സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തിലെത്തിയത്.

ഓണ്‍ലൈന്‍ വാണിജ്യസ്ഥാപനമായ ആലി ബാബ ഗ്രൂപ് മേധാവി ചൈനയിലെ ജാക് മായാണ് ഒന്നാം സ്ഥാനത്ത്. 2017 ല്‍ മാത്രം ഏകദേശം 80,000 കോടി രൂപയുടെ വരുമാന വര്‍ധനയാണ് മുകേഷ് അംബാനിയ്ക്ക് ഉണ്ടായതെന്നാണ് വിവരങ്ങള്‍. 2016 അവസാനം ലോകസമ്പന്നരില്‍ 26 ആം സ്ഥാനത്തായിരുന്ന അംബാനി ഇപ്പോള്‍ 19 ആം സ്ഥാനത്താണ്. എന്നാല്‍ ഓഹരി വില കുതിച്ചപ്പോഴും മുകേഷ് അംബാനിയുടെ സ്വത്തില്‍ കോടികള്‍ വര്‍ധിച്ചപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത 15 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.

രണ്ട് ലക്ഷം കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസില്‍നിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ കമ്പനിക്ക് ലഭിക്കാത്തതാന് കാരണം. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, മീഡിയ തുടങ്ങിയ ബിസിനസില്‍നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 90 ശതമാനം വരുമാനവും ലഭിക്കുന്നത്. 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും അനുപാതം നാല് മടങ്ങാണ് വര്‍ധിച്ചത്.

വന്‍ മുതല്‍ മുടക്കുള്ള ജിയോയിലാണ് കമ്പനിയുടെ പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാകുകയെന്ന ലക്ഷ്യം കമ്പനിയുടെ വരുമാനത്തില്‍ വരും വര്‍ഷങ്ങളില്‍ പ്രതിഫലിക്കുമെന്നും കമ്പനി കരുതുന്നു. ജിയോ തരംഗത്തില്‍ ഈ വര്‍ഷം കമ്പനിയുടെ ഓഹരി വിലയില്‍ 49 ശതമാനമാണ് നേട്ടമുണ്ടായതെന്നാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.