1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2016

സ്വന്തം ലേഖകന്‍: എന്‍.ഡി. ടി.വിയുടെ വിലക്ക്, പ്രതിഷേധം ശക്തമാകുന്നു, ഇത് അടിയന്തിരാവസ്ഥ അല്ലെന്ന് മാധ്യമങ്ങളുടെ ഓര്‍മപ്പെടുത്തല്‍. എന്‍ ഡി ടി വിയുടെ ഹിന്ദി ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശുപാര്‍ശയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് എന്‍. ഡി. ടി. വി. പുറത്തുവിട്ട തന്ത്രപ്രധാന വിവരങ്ങള്‍ ഭീകരരെ സഹായിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നടപടി.

സര്‍ക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കെതിരെ എടുക്കുന്ന നടപടി അടിയന്തരാവസ്ഥക്ക് തുല്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി.

നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിപക്ഷനേതാക്കളെ കസ്റ്റഡിയിലെടുക്കുന്നതും ടെലിവിഷന്‍ ചാനലുകള്‍ നിരോധിക്കുന്നതും നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ സംഭവിക്കുമെന്ന് ട്വിറ്ററില്‍ കുറിച്ചു. അടിയന്തരാവസ്ഥകാലത്തെ മനോഭാവമാണ് കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.

ചാനലിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും എല്ലാ പത്രമാധ്യമങ്ങളും സമാനമായ രീതിയിലാണ് പത്താന്‍കോട്ട് ആക്രമണം റിപ്പോര്‍ട്ട് ചെയ്തതെന്നും എന്‍.ഡി.ടി.വി അധികൃതരും പ്രതികരിച്ചു. അടിയന്താരവസ്ഥക്ക് ശേഷം വീണ്ടും മാധ്യമങ്ങള്‍ക്ക് വിലങ്ങിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഒരു ചാനലിനെതിരെ നടപടിയെടുക്കുന്ന ആദ്യ സംഭവമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.